 
മരട്: കുണ്ടന്നൂർ ജംഗ്ഷനിലുള്ള കെ.എൻ.എ. പ്ലാസയിലെ ഏഴുനില കെട്ടിടത്തിന് തീ പിടിച്ചു. തൃപ്പൂണിത്തുറ ഫയർഫോഴ്സ് എത്തി കെട്ടിടത്തിൽ തന്നെയുള്ള അഗ്നിശമന സംവിധാനം ഉപയോഗിച്ച് സേന തീ പൂർണമായി അണച്ചു. ലിഫ്റ്റ് റൂമിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളിൽ നിന്ന് തീ പടരുകയായിരുന്നു, പരിസരത്ത് അലക്ഷ്യമായി കൂട്ടിയിട്ട മാലിന്യങ്ങളും കത്തി.
നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലം സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ പറഞ്ഞു. അഗ്നിരക്ഷാനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ കെ.വി. മനോഹരൻ, അസി. സ്റ്റേഷൻ ഓഫീസർ വിനുരാജ് .ടി., ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ പോൾ മാത്യു, അനുരാജ്. ഇ.ആർ. അനൂപ്. എ.പി.കണ്ണൻ, പി. ഷിനോദ് എന്നിവർ നേതൃത്വം നൽകി.