f

കൊച്ചി: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സി.പി.ഐ മുൻ നേതാവും ബാങ്ക് പ്രസിഡന്റുമായിരുന്ന എൻ.ഭാസുരാംഗന്റെ ഭാര്യ ജയകുമാരിയെ മൂന്നാം പ്രതിയാക്കി ഇ.ഡി കുറ്റപത്രം. ഒന്നാംപ്രതി ഭാസുരാംഗനാണ്. രണ്ടാം പ്രതിയായ മകൻ അഖിൽജിത്തും മറ്റ് കുടുംബാംഗങ്ങളുമടക്കം ആറ് പ്രതികളുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള (പി.എം.എൽ.എ) കേസുകൾ കൈകാര്യം ചെയ്യുന്ന കലൂരിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഏഴായിരത്തോളം പേജുണ്ട്. അറസ്റ്റിലായ ഭാസുരാംഗനും അഖിൽജിത്തും ജയിലിലാണ്.

ഭാസുരാംഗനും കുടുംബവും ചേർന്ന് 3.22 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുടുംബാംഗങ്ങളുടെ പേരിൽ വ്യാജ വായ്പകൾ തരപ്പെടുത്തി തട്ടിയെടുത്ത പണം പല ബിസിനസ് സംരംഭങ്ങളിലും നിക്ഷേപിച്ചു. ഭാസുരാംഗൻ ബിനാമി പേരിൽ കോടിക്കണക്കിന് രൂപ വായ്പയായി തട്ടിയെടുത്തു. 57 കോടിയുടെ നഷ്ടം ബാങ്കിനുണ്ടായതായി സഹകരണ രജിസ്ട്രാറുടെ കണ്ടെത്തലും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. ഇ.ഡി അസി.ഡയറക്ടർ സത്യവീർ സിംഗിന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.