കൊച്ചി: 50 വയസ് കഴിഞ്ഞ ഉദ്യോഗാർത്ഥികളെ എംപ്ലോയ്‌മെന്റ് നിയമനങ്ങളിൽ പരിഗണിക്കാനാവില്ലെന്ന് സർക്കാർ. മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമ്പത് വയസ് കഴിഞ്ഞ തനിക്ക് എംപ്ലോയ്‌മെന്റ് നിയമനത്തിന് ശുപാർശ നൽകണമെന്ന് കാട്ടി പാലാരിവട്ടം സ്വദേശിനി മേരി ഷൈലയുടെ പരാതിയിൽ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി സർക്കാരിന്റെ നിലപാട് തേടിയിരുന്നു. ഇതിന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ നൽകിയ മറുപടി റിപ്പോർട്ടിലാണ് നിയമനങ്ങളിൽ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ അറ്റൻഡന്റ് തസ്തികയിൽ മുഖാമുഖത്തിൽ പങ്കെടുത്തെങ്കിലും ജോലി ലഭിച്ചില്ലെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ പരാതിക്കാരിക്ക് താത്കാലിക നിയമനം ലഭിച്ചിരുന്നതായി എംപ്ലോയ്‌മെന്റ് ഓഫീസർ കമ്മിഷനെ അറിയിച്ചു. അതേസമയം വകുപ്പ് നടപ്പിലാക്കുന്ന ശരണ്യ സ്വയംതൊഴിൽ വായ്പാ പദ്ധതിയിൽ അപേക്ഷ നൽകിയാൽ 50,000 രൂപ പലിശരഹിത വായ്പ ലഭിക്കുമെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. വായ്പ തുകയുടെ 50 ശതമാനം സബ്‌സിഡിയായി ലഭിക്കും.