അങ്കമാലി: ഇരുചക്ര വാഹനങ്ങൾക്ക് അപകടക്കെണിയൊരുക്കി അങ്കമാലി-മഞ്ഞപ്ര റോഡിലെ കുഴികൾ. ഒരു മാസത്തിനിടെ ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് നിരവധി പേർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ മൂന്ന് ടൂവീലറുകൾ റോഡിൽ നിന്ന് തെന്നിപ്പോയിരുന്നു.
സ്വകാര്യ കമ്പനിയുടെ ഇന്റർനെറ്റ് സൗകര്യങ്ങളുടെ ആധുനികവത്കരണത്തിന്റെ ഭാഗമായി ഫൈബർ കേബിൾ വലിക്കുന്നതിനാണ് റോഡ് കുഴിച്ചത്. 50 മീറ്ററിൽ ഒരു കുഴിയെന്ന രീതിയിലാണ് ടാറിംഗ് കുത്തിപ്പൊളിച്ചത്. രണ്ടടി താഴ്ചയിൽ റോഡ് പൊളിച്ചാണ് കേബിൾ ഇടുന്നത്.
അങ്കമാലി- മഞ്ഞപ്ര റോഡ് നിർമ്മാണം പൂർത്തിയായെങ്കിലും കാനകൾ ഇല്ലാത്തതിനാൽ റോഡിന് ഇരുവശങ്ങളിലും നാലടിയിലേറെ താഴ്ചയാണ്. കരിങ്കല്ല് കയറ്റിവരുന്ന വലിയ വാഹനങ്ങൾക്ക് വഴിയൊരുക്കേണ്ടി വരുമ്പോഴാണ് ഇരുചക്രവാഹനങ്ങൾ കുഴിയിൽപ്പെടുന്നത്. ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിച്ച റോഡിന് അരികിൽ കുഴിയെടുത്തതുമൂലം വിവിധയിടങ്ങളിൽ ടാർ അടർന്നുപോയിട്ടുണ്ട്. റോഡ് പൂർവസ്ഥിതിയിലാക്കുന്നതിന് ആവശ്യമായ പണം പൊതുമരാമത്തു വകുപ്പിൽ കെട്ടി വച്ചിട്ടുണ്ടെന്നാണ് കേബിൾ ഇടുന്ന ജോലിയേറ്റെടുത്ത കരാറുകാർ പറയുന്നത്. റോഡരികിലെ കുഴികൾ അടച്ച് ഇരുചക്രവാഹന യാത്രക്കാരുടെ ജീവൻ രക്ഷിക്കാനുള്ള നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.