vineesh-veleyudhan
വിനീഷ് വേലായുധൻ

ആലുവ: ഇരുവൃക്കകളും തകരാറിലായ നിർദ്ധനയുവാവ് ചികിത്സാസഹായം തേടുന്നു. അശോകപുരം മനയ്ക്കൽഞാലിൽവീട്ടിൽ വിനീഷ് വേലായുധനാണ് (39) രണ്ടുവർഷമായി ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് ചെയ്ത് ജീവൻ നിലനിറുത്തുന്നത്.

പെയിന്റിംഗ് തൊഴിലാളിയായിരുന്ന വിനീഷ് നാല് സെന്റ് കോളനിയിലെ കൊച്ചുകൂരയിലാണ് കുടുംബസമേതം താമസിക്കുന്നത്. പിതാവ് നേരത്തെ മരിച്ചു. കാക്കനാട് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ ഭാര്യ ഷീജമോളുടെ ചെറിയ വരുമാനത്തിലാണ് കുടുംബം മുന്നോട്ടുപോകുന്നത്. എത്രയും വേഗം വൃക്കമാറ്റിവയ്ക്കണമെന്നാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. വൃക്കപകുത്തു നൽകാൻ അമ്മ തയ്യാറാണെങ്കിലും ഇരുവരുടെയും ചികിത്സയ്ക്കായി വേണ്ടിവരുന്ന 30ലക്ഷംരൂപ എങ്ങനെ കണ്ടെത്തുമെന്ന വിഷമത്തിലാണ് കുടുംബം.

വിനീഷിനെ സഹായിക്കുവാൻ നാട്ടുകാർ 'വിനീഷ് വേലായുധൻ ചികിത്സാ സഹായസമിതി' രൂപീകരിച്ചിട്ടുണ്ട്. അൻവർ സാദത്ത് എം.എൽ.എ രക്ഷാധികാരിയും ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ചെയർപേഴ്സനുമാണ്. കൺവീനർ ജനു ഹരിഹരന്റെയും വിനീഷിന്റെ ഭാര്യ ഷീജാമോളുടെയും പേരിൽ സൗത്ത് ഇൻഡ്യൻ ബാങ്ക് ആലുവ ബ്രാഞ്ചിൽ ജോയിന്റ് അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0002053000103258, ഐ.എഫ്.എസ് കോഡ്: SIBL0000002.

* ചികിത്സാസഹായ സമിതിക്ക് കൈത്താങ്ങാകാൻ

അഞ്ച് സ്വകാര്യബസുകൾ കളക്ഷൻ നൽകും

ആലുവ സ്റ്റാൻഡിൽനിന്ന് സർവീസ് നടത്തുന്ന അഞ്ച് ബസുകൾ ഒരുദിവസത്തെ നീക്കിയിരിപ്പ് തുക ചികിത്സാസഹായസമിതിയിലേക്ക് തരാമെന്ന് അറിയിച്ചിട്ടുണ്ട്. എറണാകുളം റൂട്ടിൽ ഓടുന്ന കൽബി, സെവൻസ്, അസ്ത്ര, പാണ്ഡവാസ്, പെരുമ്പാവൂർ റൂട്ടിൽ ഓടുന്ന ചിത്രം എന്നീ ബസുകളാണ് ചികിത്സാ സഹായത്തിനായി ഓടാമെന്ന് അറിയിച്ചിട്ടുള്ളത്.