കൊച്ചി: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ രാംലല്ലയുടെ വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുന്ന നാളെ നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ പരിപാടികൾ നടക്കും. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെയും സമീപത്തെയും 94 ക്ഷേത്രങ്ങളിലാണ് ഉച്ചയ്ക്ക് 12 മുതൽ 2.30 വരെ ചടങ്ങുകൾ .
കലൂർ പാവക്കുളം മഹാദേവ ക്ഷേത്രം കേന്ദ്രീകരിച്ചാണ് വിശ്വഹിന്ദുപരിഷത്തിന്റെ പരിപാടികൾ. ക്ഷേത്രങ്ങളിലും ഹാളുകളിലും പൊതുസ്ഥലങ്ങളിലും യോഗങ്ങൾ, പ്രാർത്ഥന, പ്രഭാഷണം, ദീപാലങ്കാരങ്ങൾ, അന്നദാനം തുടങ്ങിയ പരിപാടികളും നടക്കും. പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണവും ഉണ്ടാകും. വിശ്വഹിന്ദു പരിഷത്തിന്റെയും ഹിന്ദു ഐക്യവേദിയുടെയും സംസ്ഥാന നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കും.
പുതുവൈപ്പ് അയോദ്ധ്യാപുരം ശ്രീരാമക്ഷേത്രം, തൃപ്പൂണിത്തുറ ശ്രീരാമ ദേവസ്വം ക്ഷേത്രം, ഇരുമ്പനം മകളിയം ശ്രീരാമക്ഷേത്രം തുടങ്ങി ശ്രീരാമ പ്രതിഷ്ഠയുള്ള ചുരുക്കം ക്ഷേത്രങ്ങൾ മാത്രമാണ് എറണാകുളം പ്രദേശത്തുള്ളത്. മൂന്നിടത്തും 22ന് വിവിധ ചടങ്ങുകളുണ്ട്.
പുതുവൈപ്പ് അയോദ്ധ്യാപുരം ശ്രീരാമക്ഷേത്രത്തിൽ വിശേഷാൽ പൂജകളും നാപജപ ഘോഷയാത്രയും നടക്കും. തൃപ്പൂണിത്തുറ ശ്രീരാമക്ഷേത്രത്തിൽ പഞ്ചാമൃതാഭിഷേകവും ദീപാലങ്കാരങ്ങളുമുണ്ടാകും. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പുരാതനമായ ഇരുമ്പനം മകളിയം ശ്രീരാമക്ഷേത്രത്തിൽ വൈകിട്ട് ദീപക്കാഴ്ചയുണ്ടാകും. പ്രത്യേക പൂജകളൊന്നുമില്ല.
പാവക്കുളം ക്ഷേത്രത്തിൽ രാവിലെ എട്ടുമുതൽ പ്രാർത്ഥനകൾ ആരംഭിക്കും. വൈകിട്ട് ദീപാലങ്കാരം, അക്ഷതവിതരണം, ഭജന. ഉച്ചയ്ക്കും രാത്രിയും അന്നദാനവും ഉണ്ടാകും.
എൽ.ഇ.ഡി. വാൾ, ബിഗ് ടി.വി.,
പ്രൊജക്ടർ കിട്ടാനില്ല
വലിയ ദൃശ്യശോഭ നൽകുന്ന എൽ.ഇ.ഡി.വാളുകളും വലിയ ടി.വികളും പ്രൊജക്ടറുകളും വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങൾക്ക് വമ്പൻ ബുക്കിംഗ്. എൽ.ഇ.ഡി. വാളുകൾ എല്ലാം തന്നെ വിവിധ ക്ഷേത്രങ്ങളിലും ഹാളുകളിലും ചടങ്ങുകൾ തത്സമയം കാണിക്കാനായി ബുക്ക് ചെയ്തു കഴിഞ്ഞു. വലിയ ടി.വികളുടെയും പ്രൊജക്ടറുകളുടെയും അവസ്ഥ ഇതുതന്നെയാണ്. ഇവ തേടി നിരവധി പേരാണ് റെന്റൽ സ്ഥാപനങ്ങളെ ഇന്നലെയും സമീപിച്ചത്.
രാമപ്രതിഷ്ഠാ ദിനത്തിൽ എൽ.ഇ.ഡി. വാളും വലിയ ടി.വികളും തേടി നിരവധി പേർ എത്തുന്നുണ്ട്. ഞങ്ങളുടെ ഇത്തരം എല്ലാ ഉപകരണങ്ങളും അന്നേയ്ക്ക് ബുക്ക് ചെയ്തു കഴിഞ്ഞു.
സായ് സിദ്ധിക്ക്
ഡയറക്ടർ, ഫോർ ലൈവ് മീഡിയ നെറ്റ്‌വർക്ക്, എറണാകുളം