കൊച്ചി: സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തപ്പെട്ട സി.പി.ഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവും ഡ്രൈവറും ഉൾപ്പെട്ട സംഘം ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 45 ലക്ഷം രൂപ തട്ടിയതായി പൊലീസിൽ പരാതി. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് പച്ചക്കറിയെത്തിച്ച് ഹോർട്ടികോർപ്പിൽ മറിച്ചു വില്‌ക്കുന്ന ബിസിനസിന്റെ പേരിൽ ഘട്ടങ്ങളായി പണം കൈക്കലാക്കിയെന്നാണ് ആരോപണം. പി. രാജുവിന്റെ ഡ്രൈവർ എൻ.എം. ധനീഷ്, വിതുൽ ശങ്കർ, സി.വി. സായ് എന്നിവരുൾപ്പെട്ട സംഘമാണ് അദ്ദേഹത്തിന്റെ അറിവോടെ തട്ടിപ്പ് നടത്തിയതെന്ന് പാലാരിവട്ടത്ത് കാർ വാഷ് ഷോറൂം നടത്തുന്ന കൊടുങ്ങല്ലൂർ സ്വദേശി അഹമ്മദ് റസീൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. പരാതി പാലാരിവട്ടം പൊലീസിന് കൈമാറിയെങ്കിലും കേസെടുത്തിട്ടില്ല.

അഹമ്മദ് റസീന്റെ പരാതി​യി​ൽ നി​ന്ന് : 2021 ജൂലായിലാണ് തട്ടിപ്പിന് തുടക്കം. റസീന്റെ സ്ഥാപനത്തിലാണ് സി.പി.ഐ ജില്ലാ കമ്മിറ്റിയുടെ വാഹനം സർവീസ് ചെയ്തിരുന്നത്. ഈ പരിചയത്തിലാണ് ധനീഷും വിതുലും പി. രാജു പച്ചക്കറി ബി​സി​നസ് തുടങ്ങുന്നുണ്ടെന്നും താത്പര്യമുണ്ടോയെന്നും ആരായുന്നത്. സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ പി. രാജുവുമായി കൂടിക്കാഴ്ച നടത്തി നേരിട്ട് ഉറപ്പ് വാങ്ങി. ആദ്യം മൂന്ന് ലക്ഷം രൂപ നൽകി. ബിസിനസ് ആവശ്യത്തിന് പലരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങി നൽകിയെങ്കിലും ഫോർട്ടികോർപ്പിൽ നിന്നുള്ള തുകയുടെ വിഹിതം നൽകിയില്ല. കടംകയറി ബാദ്ധ്യതയായി. പണം ആവശ്യപ്പെട്ടപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 15 ലക്ഷം കൂടി നൽകിയാൽ പ്രശ്‌നം പരിഹരിക്കാമെന്ന് പി. രാജു നേരിട്ട് വാക്കുനൽകിയതോടെ ഈ തുക കൈമാറി. ഈ പണത്തിന് പി. രാജു പുതിയ കാർ വാങ്ങി. 17 ലക്ഷം തിരികെ കിട്ടി. 45 ലക്ഷം കിട്ടാനുണ്ട്.

അഹമ്മദ് റസീനുമായി യാതൊരു ബിസിനസ് പങ്കാളിത്തവുമില്ല. പാർട്ടിയിലെ വിഭാഗീയതയാണ് ആരോപണങ്ങൾക്കും പരാതികൾക്കും പിന്നിൽ.
- പി. രാജു

പരാതിക്കാരന് ഗൂഢലക്ഷ്യം:

പി. രാജുവിന്റെ ഡ്രൈവർ

അഹമ്മദ് റസീന് ഗൂഢലക്ഷ്യമാണെന്ന് രാജുവിന്റെ ഡ്രൈവർ എൻ.എം. ധനീഷ് ആരോപിച്ചു. ഹോർട്ടികോർപ്പിന് പച്ചക്കറി നൽകാൻ രൂപീകരിച്ച കമ്പനി​യി​ൽ റസീനും ഡയറക്ടറായിരുന്നു. കമ്പനിയി​ൽ പി.രാജു ഇടപെട്ടിട്ടില്ല. റസീൻ വഴി പണം നിക്ഷേപിച്ചവർക്കെല്ലാം തുക കൊടുത്തിട്ടുണ്ട്. പഴയ കാർ വിറ്റ് കിട്ടിയതടക്കമുള്ള തുക ഉപയോഗിച്ചാണ് പി. രാജു പുതിയ വാഹനം വാങ്ങിയത്. രേഖകൾ ഹാജരാക്കാൻ തയാറാണെന്നും ധനീഷ് പറഞ്ഞു. കമ്പനി ഡയറക്ടറായ വിതുൽ ശങ്കറും വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.