ആലുവ: ചൂർണിക്കരയിൽ ഗ്രാമപഞ്ചായത്ത് ഓഫീസും ഡെങ്കിയുടെ പിടിയിലായി. ഒരു ജനപ്രതിനിധി ഉൾപ്പെടെ നാല് പേരാണ് ഡെങ്കി ബാധിതരായി ആശുപത്രിയിൽ ചികിത്സ തേടിയത്. രണ്ട് ഡസനോളം ഡെങ്കിപ്പനി കേസുകൾ ചൂർണിക്കരയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
പഞ്ചായത്ത് ഓഫീസിന് സമീപത്തെ അന്യസംസ്ഥാനക്കാരുടെ താമസ കേന്ദ്രത്തിലെ രണ്ട് പേർക്ക് നേരത്തെ ഡെങ്കി സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമെയാണ് പഞ്ചായത്തിലേക്കും ഡെങ്കി പടർന്നത്. പഞ്ചായത്ത് ഓഫീസ് പൂട്ടിയിടേണ്ട അവസ്ഥയുണ്ടാകുമോയെന്ന ആശങ്കയിലാണ് അധികൃതർ.
കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഉർജിതം
ഡെങ്കിപ്പനി വ്യാപിച്ചതിനെതുടർന്ന് ചൂർണിക്കരയിൽ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും കുടുംബശ്രീ, ആശാ പ്രവർത്തകരും ചേർന്ന് കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഉർജിതമാക്കി. വീടുകളിലെ ശുചിത്വമില്ലാത്ത മണിപ്ലാന്റുകളാണ് തെളിഞ്ഞ വെള്ളത്തിൽ പെരുകുന്ന കൊതുകിന്റെ ഉറവിടം. ഫ്രഡ്ജിലെ ട്രേയിലെ വെള്ളം എല്ലാ ദിവസവും മാറ്റണമെന്ന് ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. വീടുകളിലെ ചുറ്റുവട്ടത്തിൽ ചിരട്ട, പാഴായ കപ്പുകൾ തുടങ്ങിയവയിലെ വെള്ളത്തിൽ ഉണ്ടാകുന്ന കൊതുകളെ നീക്കം ചെയ്യുകയുംവേണം. ബോധവത്കരണവും ശക്തമാക്കണം. കൊതുകു നശീകരണ പ്രവർത്തനങ്ങൾ
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രാജേഷ് പുത്തനങ്ങാടി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.ഐ. ഷിജ മോൾ, മെമ്മുന്നത്ത് ഷാജി, സുജാ ജിന്നൻ, കൊച്ചുറാണി പോൾ, ബീനാ മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.