കൊച്ചി: പ്രതിപക്ഷത്തെ പുറത്താക്കി ജനാധിപത്യ നടപടിക്രമങ്ങൾ പാലിക്കാതെ പാർലമെന്റിൽ പാസാക്കിയ പുതിയ ക്രിമിനൽ നിയമസംഹിത ആശങ്ക ഉയർത്തുന്നതായി നിയമ-വ്യവസായ മന്ത്രി പി.രാജീവ്. പുതിയ ക്രിമിനൽ നിയമസംഹിത ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് അസോസിയേഷൻ റിന്യൂവൽ സെന്ററിൽ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊളോണിയൽ നിയമങ്ങളിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തുന്നുവെന്ന പേരിൽ തിരക്കിട്ടു നടപ്പാക്കിയ ഭേദഗതികളിൽ പലതും അവ്യക്തവും സംശയം ജനിപ്പിക്കുന്നതുമാണ്. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അധികാര പരിധിക്കുള്ളിൽ നിന്ന് ആവശ്യമായ ഇടപെടൽ നടത്തും.
നിർണായക ചട്ടങ്ങൾക്ക് രൂപം നല്കുമ്പോൾ സാധാരണക്കാരെയും കേൾക്കുന്നതാണ് ജനാധിപത്യത്തിലെ കീഴ്‌വഴക്കം. ഈ പ്രക്രിയ പുതിയ നിയമനിർമ്മാണത്തിൽ ഉണ്ടായില്ലെന്നത് ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ വി.എം. മുഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി, അസോസിയേഷൻ സെക്രട്ടറി വി.പി. പ്രവീൺ കുമാർ, സി.സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.