കൊച്ചി: പുതിയ ക്രിമിനൽ നിയമസംഹിത അനീതിക്ക് വഴിയൊരുക്കുമെന്ന് നിയമവിദഗ്ദ്ധനും നാഷണൽ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടറുമായ ഡോ. ജി. മോഹൻ ഗോപാൽ പറഞ്ഞു. കലൂർ റിന്യൂവൽ സെന്ററിൽ കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച സിമ്പോസിയത്തോടനുബന്ധിച്ചുള്ള സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയ കൊളോണിയൽ ചട്ടങ്ങളിൾ കാലാനുസൃതമായ ചെറിയ ഭേദഗതികൾ വരുത്തിയതെന്നാണ് ന്യായീകരണമെങ്കിലും വലിയമാറ്റമാണ് സംഭവിക്കുക. ഒരു ശരീരത്തിലെ 75 ശതമാനവും നിലനിറുത്തി 25 ശതമാനം ഭാഗങ്ങളിൽ മാത്രം ഭേദഗതി വരുത്തിയെന്നു പറയുന്ന ഡോക്ടർ തലച്ചോറും ഹൃദയവും മാറ്റിയതുപോലെയാണ് പുതിയ നിയമസംഹിത. ഭീകരമായ അവസ്ഥയാണിതെന്നും പറഞ്ഞു.
ന്യായാധിപർ, പ്രോസിക്യൂട്ടർമാർ എന്നിവരുടെയും പൊലീസ് സംവിധാനത്തിന്റെയും അധികാരവും ഉത്തരവാദിത്വവും വ്യക്തമായി വ്യാഖ്യാനിച്ച വ്യവസ്ഥയാണ് നമ്മൾ പിന്തുടർന്നത്. സാധാരണക്കാരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. നിക്ഷിപ്ത താത്പര്യങ്ങൾ സംരക്ഷിക്കാൻ നിയമവ്യവസ്ഥയെ ദുർബലപ്പെടുത്തുന്നത് ജനാധിപത്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.