കോതമംഗലം: കോതമംഗലത്തിന്റെ സ്വപ്‌നപദ്ധതിയായ ചേലാട് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രധാന തടസം നീങ്ങാൻ വഴിയൊരുങ്ങുന്നു. ഇതിനു മുന്നോടിയായി പദ്ധതി പ്രദേശത്ത് വിദഗ്ധ സംഘം പരിശോധന നടത്തി. കേരള കാർഷിക സർവകലാശാല ഡീനും പരിസ്ഥിതി സംബന്ധിച്ച വിദഗ്ദ്ധ സമിതിയിലെ അംഗവുമായ ഡോ. പി.ഒ. നമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പദ്ധതി പ്രദേശം സന്ദർശിച്ചത്.
ചേലാട് സ്റ്റേഡിയം നിർമ്മാണത്തിന് കിഫ്ബിയിൽ ഉൾപ്പെടുത്തി 17.14 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചിരുന്നു. എന്നാൽ
സ്റ്റേഡിയത്തിനായി കണ്ടെത്തിയ ആറര ഏക്കർ സ്ഥലത്തിൽ ഒന്നര ഏക്കർ നിലമാണെന്നത് നിർമ്മാണത്തിന് പ്രതിബന്ധമായി. പ്രശ്‌നം പരിഹരിക്കാൻ ആന്റണി ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് വിദഗ്‌ദ്ധ സമിതി സന്ദർശനം.
ചേലാട് സ്റ്റേഡിയം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് നെൽ വയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ പ്രത്യേക ഇളവ് നൽകുക എന്നാണ് പ്രശ്നപരിഹാരത്തിനുള്ള പോംവഴി. സംസ്ഥാനതല സമിതിയാണ് ഇത്തരം വിഷയങ്ങൾ പരിശോധിച്ച് പ്രത്യേക ഇളവ് നൽകേണ്ടത്. വിദഗ്ധസംഘം സമിതിക്ക് മുൻപാകെ റിപ്പോർട്ട് സമർപ്പിക്കും. സമിതിയുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് വരുന്നതോടെ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിൽ മികച്ച സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം ഒരുക്കുക.