
കൊച്ചി: സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തപ്പെട്ട സി.പി.ഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി.രാജു ഉൾപ്പെട്ട സംഘം പച്ചക്കറി ബിസിനസിൽ പങ്കാളിയാക്കി 45 ലക്ഷം രൂപ തട്ടിയെന്ന് പരാതി. കൊടുങ്ങല്ലൂർ സ്വദേശി അഹമ്മദ് റസീൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതി പാലാരിവട്ടം പൊലീസിന് കൈമാറി. കേസ് എടുത്തിട്ടില്ല. പി. രാജുവിനു പുറമേ ഡ്രൈവർ എൻ.എം. ധനീഷ്, വിതുൽ ശങ്കർ, സി.വി. സായ് എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
കൃഷി വകുപ്പ് ഭരിക്കുന്നത് സി.പി.ഐ ആയതിനാൽ ഹോർട്ടികോർപ്പിൽ സ്വാധീനമുണ്ടെന്നും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറിയെത്തിച്ച് അവർക്ക് വിറ്റാൽ വൻ ലാഭമുണ്ടാകുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
2021 ജൂലായിൽ സി.പി.ഐ ഓഫീസിലെത്തി ജില്ലാ സെക്രട്ടറിയായിരുന്ന പി.രാജുവിനെ കണ്ടു.
പലതവണകളായി 62 ലക്ഷം രൂപ ധനീഷിനും വിതുലിനും നൽകി. 45 ലക്ഷം രൂപ തിരികെ കിട്ടാനുണ്ട്. താൻ കൊടുത്ത പണത്തിൽ നിന്ന് 15 ലക്ഷം രൂപ ചെലവിട്ടാണ് പി. രാജു ഇപ്പോൾ ഉപയോഗിക്കുന്ന കാർ വാങ്ങിയതെന്നും പരാതിയിൽ പറയുന്നു. പാർട്ടി വിഭാഗീയതയാണ് ആരോപണങ്ങൾക്കും പരാതികൾക്കും പിന്നിലെന്ന് രാജു പ്രതികരിച്ചു.