കൊച്ചി: നവംബറിൽ നടന്ന എറണാകുളം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ വിധി പ്രഖ്യാപനത്തിൽ അട്ടിമറിയെന്ന് ആക്ഷേപം. എറണാകുളം ഗവ. ഗേൾസ് യു.പി, കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂൾ പി.ടി.എ കമ്മിറ്റികളാണ് വിദ്യാഭ്യാസ വകുപ്പിനെതിരെ ആക്ഷേപവുമായി രംഗത്തുവന്നത്. ഉപജില്ലാ കലോത്സവത്തിൽ രണ്ടാംസ്ഥാനം പങ്കിട്ട രണ്ട് ടീമുകളേയും മറികടന്ന് ആറാം സ്ഥാനത്തുള്ള സ്‌കൂളിന് ട്രോഫി നൽകുകയായിരുന്നുവെന്നാണ് ആരോപണം. ഈ അട്ടിമറിയിൽ എ.ഇ.ഒ അടക്കമുള്ളവർക്ക് പങ്കുണ്ട്. പ്രശ്‌നം തങ്ങൾ വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയതോടെ എ.ഇ.ഒ.എച്ച്.എമ്മിനെ വിളിച്ചുവരുത്തി രണ്ടാം സ്ഥാനക്കാരുടെ ട്രോഫി നൽകുകയായിരുന്നു. കലോത്സവത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന ഈ നടപടിക്ക് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് പി.ടി.എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.