
കൊച്ചി: പരിസ്ഥിതിക്ക് ആഘാതമില്ലാതെ ടൂറിസം സാധ്യതകളുള്ള സ്ഥലങ്ങളിൽ വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോർട്ട് വരെ തയ്യാറാക്കാവുന്ന പുതിയ ഉത്പ്പന്നവുമായി കൊച്ചിയിലെ സ്റ്റാർട്ടപ്പ് സംരംഭം. ടൂറിസം സ്റ്റാർട്ടപ്പ് ക്യാമ്പറാണ് കേരളത്തിൽ പുതുമയുള്ളതും ഒട്ടേറെ സാധ്യതകളുമുള്ള ഗ്ലാമ്പിംഗ് സൗകര്യമൊരുക്കുന്നതിന് സിപോഡ്സ് അവതരിപ്പിക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെയും കെ .എസ് .ഐ .ഡി .സിയുടെയും സഹായത്തോടെയാണ് ഉത്പ്പന്നം പുറത്തിറക്കിയത്. ആഡംബര സൗകര്യങ്ങളോടെയുള്ള ക്യാമ്പിങ് ടെന്റുകളാണ് സിപോഡ്സ്. ഏഴ് ലക്ഷം മുതലാണ് സ്ഥാപിക്കാനുള്ള ചെലവ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വനങ്ങളിലും നദിയോരങ്ങളിലും ബീച്ചുകളിലുമെല്ലാം എല്ലാ വിധ സൗകര്യങ്ങളുമുള്ള ക്യാമ്പിംഗ് ടെന്റുകൾ ഇവ ഉപയോഗിച്ച് ഒരുക്കാനാകും. മുന്നൂറ് ചതുരശ്ര അടി വിസ്തീർണമുള്ള സിപോഡ്സ് യൂണിറ്റിൽ ഒരു ബെഡ് റൂം, സിറ്റ്ഔട്ട് കം ഡൈനിംഗ് സ്പെയ്സ്, ശുചിമുറി, ലഗേജ് റൂം എന്നിവയാണ് ഉൾപ്പെടുന്നത്. ഗ്ലാമ്പിംഗ് ടെന്റുകൾ 15 വർഷം വരെ നിലനിൽക്കും.