
കൊച്ചി: പ്ലാന്റേഷൻ ഡയറക്ടറേറ്റ് സംഘടിപ്പിച്ച പ്ലാന്റേഷൻ എക്സ്പോയിൽ കാണികളെ ആകർഷിച്ച് ചായയുടെയും കാപ്പിയുടെയും രഹസ്യങ്ങൾ. കാപ്പിയുടെയും ചായയുടെയും രുചിവൈവിദ്ധ്യങ്ങൾ, അതിന്റെ രഹസ്യങ്ങൾ എന്നിവ എക്സ്പോയിലെ ചായക്കടയിൽ വണ്ടിപ്പെരിയാർ സ്വദേശിയായ പ്രവീൺ വിശദീകരിക്കുന്നത് കേൾക്കാൻ നിരവധി പേർ എത്തുന്നുണ്ട്.
ചായപ്പൊടി മുതൽ പ്ലാന്റേഷൻ ഓട്ടോമേഷൻ വരെയും വെട്ടുകത്തി മുതൽ ഹെവിഡ്യൂട്ടി ഡ്രോൺ വരെയും ഇവിടെ കാണികളെ ആകർഷിക്കുന്നു. പഴവർഗങ്ങളുടെ തൈകളും ലഭിക്കും. കശുമാവിൻ തൈകൾ സൗജന്യമാണ്.
പ്ലാന്റേഷൻ മേഖലയിലെ ടൂറിസം സംരംഭങ്ങൾ, സാഹസിക വിനോദങ്ങൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, കയറ്റുമതി സാദ്ധ്യതകൾ തുടങ്ങി നിരവധി മേഖലകളിൽ നിന്നുള്ള സ്റ്റാളുകൾ ഇവിടെയുണ്ട്.
കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്ന് ദിവസത്തെ മേള തിങ്കളാഴ്ച സമാപിക്കും. രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെയാണ് സൗജന്യ പ്രവേശനം.