കൊച്ചി: വ്യവസായ മന്ത്രി പി. രാജീവിന്റെ രാജി ആവശ്യപ്പെട്ട് കളമശേരിയിലെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. കരുവന്നൂർ ബാങ്കിൽ പി. രാജീവ് നിയമവിരുദ്ധമായി ഇടപെട്ടെന്ന ഇ.ഡിയുടെ സത്യവാങ്മൂലത്തിലെ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.
രാവിലെ പത്തരയോടെ സൗത്ത് കളമശേരിയിൽ നിന്നാരംഭിച്ച മാർച്ച് കുസാറ്റ് കവാടത്തിന് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. ജലപീരങ്കി പ്രയോഗവുമുണ്ടായി. 17 കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
മാർച്ച് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കളമശേരി ബ്ലോക്ക് പ്രസിഡന്റ് മധു പുറക്കാട് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് തുടങ്ങിയവർ നേതൃത്വം നൽകി.