* ലയങ്ങളുടെ നവീകരണത്തിന് സഹായം നൽകും

* പ്ലാന്റേഷൻ എക്‌സ്‌പോയ്ക്ക് തുടക്കം


കൊച്ചി: സംസ്ഥാനത്തെ തോട്ടംമേഖലയിൽ 5ശതമാനം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി വേഗത്തിലാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചിയിൽ വ്യവസായവകുപ്പ് സംഘടിപ്പിച്ച രണ്ടാമത് പ്ലാൻറേഷൻ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്ത സാമ്പത്തികവർഷമാദ്യം ഏകജാലക സംവിധാനം നിലവിൽവരും. പ്ലാന്റേഷൻ മേഖല നേരിടുന്ന ഏറ്റവും വലിയപ്രശ്‌നം ലയങ്ങളുടെ നവീകരണമാണ്. ഇത് തോട്ടം ഉടമകൾക്ക് വലിയ സാമ്പത്തികബാദ്ധ്യത വരുത്തുന്നവെന്ന യാഥാർത്ഥ്യം സർക്കാർ മനസിലാക്കുന്നു. ലയങ്ങളുടെ നവീകരണത്തിനായി എടുക്കുന്ന വായ്പയുടെ പലിശ പൂർണമായോ ഭാഗികമായോ സർക്കാർ വഹിക്കും. ഇതു സംബന്ധിച്ചുള്ള പ്ലാൻ തയ്യാറാക്കാൻ 25ന് യോഗം വിളിക്കും.
നിലവിൽ പല ഉത്പന്നങ്ങൾക്കും കേരള ബ്രാൻഡ് ഏർപ്പെടുത്തിയിട്ടുണ്ട്. തോട്ടം മേഖലയിലെ ഉത്പന്നങ്ങൾക്കും കേരള ബ്രാൻഡ് കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

തോട്ടം മേഖലയിലെ പ്രശ്‌നങ്ങൾ, വൈവിധ്യവത്കരണം, പ്ലാന്റേഷനിതര കൃഷി തുടങ്ങിയ സാദ്ധ്യതകളെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരം നിർദ്ദേശിക്കുന്നതിനും കോഴിക്കോട് ഐ.ഐ.എമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വ്യവസായവകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു. ടി.ജെ. വിനോദ് അദ്ധ്യക്ഷത വഹിച്ചു.

മേയർ അഡ്വ. എം. അനിൽകുമാർ, സ്‌പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ, കോഫി ബോർഡ് ഡെ. ഡയറക്ടർ ഡോ. കറുത്തമണി, ടീ ബോർഡ് ഡെ. ഡയറക്ടർ ഫാൽഗുനി ബാനർജി, റബർ ബോർഡ് പ്രതിനിധി മുഹമ്മദ് സാദിഖ്, ഉപാസി പ്രതിനിധി സി. ശ്രീധരൻ, തോട്ടം ഉടമ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്ന് ദിവസത്തെ മേള തിങ്കളാഴ്ച സമാപിക്കും. രാവിലെ 9 മുതൽ രാത്രി 11 വരെയാണ് മേള. പ്രവേശനം സൗജന്യം.