കൊച്ചി: മത്സ്യമേഖലയിൽ കാലാവസ്ഥാവ്യതിയാനത്തിന്റെ ഭീഷണി ചെറുക്കാൻ കാർബൺ ബഹിർഗമന തോത് ഗണ്യമായി കുറക്കണമെന്ന് ഐക്യരാഷട്രസഭയുടെ കീഴിലുള്ള ലോക ഭക്ഷ്യകാർഷിക സംഘടനയുടെ (എഫ്.എ.ഒ) ഫിഷറീസ് മാനേജ്‌മെന്റ് സബ്കമ്മിറ്റി യോഗത്തിൽ ഇന്ത്യ നിർദേശിച്ചു.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) ഫിഷറിസ് റിസോഴ്‌സസ് അസസ്‌മെന്റ് ഇക്കണോമിക്‌സ് ആൻഡ് എക്സ്റ്റൻഷൻ വിഭാഗം മേധാവി ഡോ.ജെ. ജയശങ്കർ ആണ് ഇന്ത്യയുടെ നിലപാട് ആഗോളവേദിയിൽ അതരിപ്പിച്ചത്.
ഇന്ത്യൻ സമുദ്രമത്സ്യമേഖലയിൽ ഒരു കിലോ മീൻ പിടിക്കുമ്പോൾ പുറംതള്ളുന്ന കാർബൺ വാതകങ്ങൾ ആഗോള ശരാശരിയേക്കാൾ 17.7 ശതമാനം കുറവാണ്. കാർബൺ വാതകങ്ങൾ പിടിച്ചുനിർത്തുന്നതിനുള്ള കടൽപായലിന്റെ ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നത് കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം കുറക്കുന്നതിൽ നിർണായകമാണ്. കടൽപായൽ കൃഷിയും കണ്ടൽ ആവാസവ്യവസ്ഥയും ശക്തിപ്പെടുത്തുന്നവിധത്തിൽ പ്രകൃതിദത്ത ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നത് ഇക്കാര്യത്തിൽ ഏറെ ഗുണകരമാകുമെന്നും ഇന്ത്യ വ്യക്തമാക്കി.
എഫ്.എ.ഒയുടെ ഫിഷറീസ് സമിതിയിലെ (കമ്മിറ്റി ഓൺ ഫിഷറീസ്) അംഗങ്ങൾ, ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രത്യേക ഏജൻസികളുടെ പ്രതിനിധികൾ, മറ്റ് എഫ്.എ.ഒ അംഗരാജ്യങ്ങളിൽ നിന്നുള്ള നിരീക്ഷകർ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി ഡോ.ജെ ബാലാജിയാണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത്. കേന്ദ്ര ഫിഷറീസ് വകുപ്പിലെയും ഫിഷറി സർവേ ഒഫ് ഇന്ത്യയിലെയും ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.
സമുദ്രമത്സ്യമേഖലയിലെ ജൈവസമ്പത്തിനെകുറിച്ചുള്ള ഇന്ത്യയുടെ നിലപാട് സി.എം.എഫ്.ആർ.ഐയിലെ ഫിൻഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ. ശോഭ ജോ കിഴക്കൂടൻ അവതരിപ്പിച്ചു.