
കൊച്ചി : ചിറ്റൂർ സെന്റ്. മേരീസ് യു.പി സ്‌കൂളിന് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചു.
അയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂൾ നടത്തിയ ബോധവത്കരണ പരിപാടികൾ പരിഗണിച്ചാണ് അവസരം. 16 അടി നീളവും 14 അടി വീതിയുമുള്ള ഇന്ത്യയുടെ ഭൂപടം നിർമ്മിച്ച് അതിൽ അയവദാന സന്ദേശം രേഖപ്പെടുത്തി വിദ്യാർത്ഥികളും അദ്ധ്യാപകരും കൊച്ചിവാസികളും ഒപ്പ് രേഖപ്പെടുത്തുകയും സമ്മതപത്രം ശേഖരിക്കുകയുമുണ്ടായി. ഈ സന്ദേശം 2015ലെ ഹൃദയദിനത്തിൽ പ്രധാനമന്ത്രിക്ക് അയച്ചിരുന്നു. ഇതേക്കുറിച്ച് ആ വർഷം മൻ കി ബാത്തിൽ പരാമർശിച്ച പ്രധാനമന്ത്രി വിദ്യാർത്ഥികളെ പ്രശംസിച്ചു.
വർഷങ്ങൾക്ക് മുമ്പ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന ഭാവന ലക്ഷ്മിയെന്ന വിദ്യാർത്ഥിനിക്ക് ബ്രെയിൻ ട്യൂമർ ബാധിച്ചപ്പോൾ സ്കൂൾ അധികൃതർ കിണഞ്ഞ് ശ്രമിച്ചിട്ടും ആ ജീവൻ രക്ഷിക്കാനായില്ല. ആ ദു:ഖത്തിൽ മനം നൊന്താണ് വിദ്യാലയത്തിലെ സംസ്‌കൃതം അദ്ധ്യാപകൻ അഭിലാഷ് പ്രതാപിന്റെ നേതൃത്വത്തിൽ അയവദാനമെന്ന ആശയത്തിന് തുടക്കം കുറിച്ചത്.
തിരുവനന്തപുരം രാജ് ഭവനിൽ ഗവർണറുടെ നേതൃത്വത്തിൽ മൻ കീ ബാത്തിന്റെ നൂറാം എപ്പിസോഡ് ആഘോഷിച്ചപ്പോൾ അഭിലാഷ് ടി. പ്രതാപ് പങ്കെടുത്തിരുന്നു. 2015ൽ നടന്ന പ്രവർത്തനത്തെ പ്രധാനമന്ത്രി മറന്നിട്ടില്ലെന്നതിന്റെ തെളിവാണ് റിപ്പബ്ലിക് ദിന പരേഡിലേക്കുള്ള ക്ഷണമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. അഭിലാഷ് ടി. പ്രതാപിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ വിദ്യാർത്ഥികളായ ആൽജിൻ വിൻസെന്റ്, കെ.ബി. ശ്രീജിത്ത്, ആദിഷ് വിനോദ് എന്നിവർ 24 ന് യാത്ര തിരിക്കും. ചിറ്റൂർ സെന്റ്. മേരീസ് യു.പി സ്‌കൂളിന്റെ അവയവദാനം മഹാദാനമെന്ന സന്ദേശം ഇനി ഡൽഹിയുടെ മണ്ണിൽ മുഴങ്ങും.