കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് എസ്.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറിക്ക് കത്തിക്കുത്തേറ്റ സംഭവത്തിൽ രണ്ടുദിവസം പിന്നിടുമ്പോഴും പ്രതികളെ അറസ്റ്റുചെയ്യാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. എട്ടാംപ്രതിയും കോളജിലെ മൂന്നാംവർഷ എൻവയോൺമെന്റൽ കെമിസ്ട്രി വിദ്യാർത്ഥിയുമായ ഇജിലാലിനെ മാത്രമാണ് ഇതുവരെ അറസ്റ്റുചെയ്തത്. ഇയാൾ റിമാൻഡിലാണ്.

ബി.എ ഇംഗ്ലീഷ് മൂന്നാംവർഷ വിദ്യാർത്ഥി അബ്ദുൾ മാലിക്കാണ് ഒന്നാംപ്രതി. മൂന്നാംവർഷ അറബിക് വിദ്യാർത്ഥി ബിലാൽ, മൂന്നാംവർഷ അറബിക് വിദ്യാർത്ഥി റാഷിദ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. മൂന്നാംവർഷ സംഗീത വിദ്യാർത്ഥി ധാനിഷ്, മൂന്നാംവർഷ ബി.കോം വിദ്യാർത്ഥി അഫ്ഹാം കമൽ, എം.എ ഫിലോസഫി ഒന്നാംവർഷ വിദ്യാർത്ഥി അമൽ ടോമി, ബി.എ മലയാളം രണ്ടാംവർഷ വിദ്യാർത്ഥി അഭിനവ്, ബി.കോം മൂന്നാംവർഷ വിദ്യാർത്ഥികളായ സഹദൻ, മുഖ്താർ, ഫിസിക്‌സ് രണ്ടാംവർഷ വിദ്യാർത്ഥി ബേസിൽ, പൊളിറ്റിക്കൽ സയൻസ് മൂന്നാംവർഷ വിദ്യാർത്ഥിനി റിത ഇസ്‌ലാം, രണ്ടാംവർഷ വിദ്യാർത്ഥിനി അയിഷ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഘർഷത്തിൽ പരിക്കേറ്റ മൂന്നാംവർഷ ചരിത്രവിഭാഗം വിദ്യാർത്ഥി പി.എ. അബ്ദുൾ നാസർ (21) ചികിത്സയിലാണ്.