കൊച്ചി: 'ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന" എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇന്നലെ എറണാകുളം ജില്ലയിൽ അങ്കമാലി പൊങ്ങം മുതൽ അരൂർ പാലം വരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സിനിമാ രംഗത്തെ പ്രമുഖർ അണിനിരന്നു. അങ്കമാലി പൊങ്ങം ജംഗ്ഷനിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മീനു സുകുമാരനും അവസാന കണ്ണിയായി അരൂരിൽ കെ.ജെ. മാക്‌സി എം.എൽ.എയും അണി ചേർന്നു. അങ്കമാലി, ആലുവ, കളമശേരി, വൈറ്റില, കുണ്ടന്നൂർ, പാലാരിവട്ടം ബൈപ്പാസ് എന്നിവിടങ്ങളിൽ സമാപനയോഗം നടന്നു.
വൈറ്റിലയിൽ നടന്ന പൊതുയോഗം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യു അദ്ധ്യക്ഷത വഹിച്ചു. എം. സ്വരാജ്, സി.എൻ. മോഹനൻ, എ.ആർ. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനീഷ രാധാകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുഞ്ഞു. എം.എൽ.എമാരായ കെ. എൻ. ഉണ്ണികൃഷ്ണൻ, പി.വി. ശ്രീനിജിൻ, മേയർ എം. അനിൽകുമാർ, മുൻമന്ത്രി എസ്.ശർമ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിയ്ക്കൽ, സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലർ കെ.ജി. പൗലോസ്, ഡോ.സെബാസ്റ്റ്യൻ പോൾ, കൺസ്യൂമർഫെഡ് ചെയർമാൻ മെഹബൂബ്, സി എം. ദിനേശ് മണി, സുനിൽ പി. ഇളയിടം, സംവിധായകരായ ബിജുക്കുട്ടൻ, ചേതൻ ജെ. ലാൽ, സാജൻ പള്ളുരുത്തി, സിനിമ താരങ്ങളായ മീനാ രാജ്, ഇബ്രാഹിംകുട്ടി, കുമാരി രഘുനന്ദ, കുമരകം രഘുനാഥ്, ഗോകുലൻ, വിനോദ് കെടാമംഗലം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സിപ്പി പള്ളിപ്പുറം, ഗിറ്റാറിസ്റ്റ് ബൈജു ധർമ്മജൻ, ഫാ. പോൾ പീച്ചിയിൽ, നാടകാചാര്യർ കെ.എം. ധർമ്മൻ, കാഥികൻ ഇടക്കൊച്ചി സലിം കുമാർ തുടങ്ങിയവർ ചങ്ങലയിൽ കണ്ണിയായി.