കൊച്ചി: ഹോട്ടലുകളിൽനിന്ന് നൽകുന്ന പാഴ്സലുകളിൽ ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെയുള്ള സ്റ്റിക്കർ പതിക്കണമെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദ്ദേശം അപ്രായോഗികമായതിനാൽ നടപ്പിലാക്കുവാനാവില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വ്യക്തമാക്കി.

ഹോട്ടലുകളിൽ ഓരോ വിഭവങ്ങളും തയ്യാറാക്കുന്നത് വ്യത്യസ്ത സമയങ്ങളിലും വ്യത്യസ്ത ചേരുവകകളിലുമാണ്. അവയിൽ പലതും ദീർഘനേരം കേടുകൂടാതെ ഇരിക്കുന്നവയുമാണ്. പെട്ടെന്ന് അണുബാധയേൽക്കുവാൻ സാദ്ധ്യതയുള്ള മയൊണൈസ് പോലുള്ളവ നിശ്ചിത സമയത്തിനകം ഉപയോഗിക്കണമെന്ന സ്റ്റിക്കർ നിലവിൽ പതിക്കുന്നുണ്ട്. കൂടാതെ പാഴ്സൽ വാങ്ങിയ സമയവും തീയതിയും രേഖപ്പെടുത്തിയ ബില്ലുകളും ഹോട്ടലുകളിൽനിന്ന് ലഭിക്കുന്നുണ്ട്. ഇതിനുപുറമേ പാഴ്സൽ ഭക്ഷണങ്ങളിൽ അവ തയ്യാറാക്കിയ സമയം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തിയ സ്റ്റിക്കർ പതിക്കണമെന്ന നിർദ്ദേശം അപ്രായോഗികമായതിനാൽ നടപ്പിലാക്കാൻ ബുദ്ധിമുട്ടാണെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ. പി. ബാലകൃഷ്ണ പൊതുവാളും അറിയിച്ചു.