bridge
മൂലമ്പിള്ളി - കോതാട് പാലത്തിൽ പരിശോധന നടത്തുന്നു

കൊച്ചി: വല്ലാർപാടം - കളമശേരി റോഡിലെ മൂലമ്പിള്ളി - കോതാട് പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് നിർദ്ദേശിച്ചു.

പാലത്തിന്റെ അപകടഭീഷണി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ദേശീയപാത അതോറിറ്റിയോട് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് വിദഗ്ദ്ധസമിതി പാലം പരിശോധിച്ച് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ശുപാർശ നൽകി. പാലം ബലപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നും വിദഗ്ദ്ധസംഘം നിർദ്ദേശിച്ചു. ഇതുപ്രകാരമാണ് പാലത്തിന്റെ അറ്റകുറ്റപ്പണി ഉടൻ പൂർത്തീകരിച്ച് പാലം ബലപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നത്.

പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് മുന്നോടിയായി മൂലമ്പിള്ളി - കോതാട് പാലത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, സിറ്റി പൊലീസ് കമ്മീഷണർ എന്നിവരുമായി ചർച്ചചെയ്ത് ക്രമീകരണങ്ങൾ ഏർപ്പെടുത്താനും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയപാത 966എയുടെ ഭാഗമായ വല്ലാർപാടം- കളമശേരി റോഡിലാണ് മൂലമ്പിള്ളി -കോതാട് പാലം.