velayudhan

കൊച്ചി: അന്യനാട്ടിലുണ്ടായ വാഹനാപകടത്തിൽ ശരീരത്തിന്റെ ഒരുവശം പൂർണമായും മറുവശം ഭാഗികമായും തളർന്നപ്പോൾ മരിച്ചാൽ മതിയെന്ന് ആഗ്രഹിച്ച ഡോ.ടി.വി. വേലായുധൻ ഇന്ന് രാജ്യമാകെ സഞ്ചരിക്കുകയാണ്. തന്റെ അതിജീവനകഥയിലൂടെ ചികിത്സാസാദ്ധ്യതകൾ വിവരിച്ച് അവബോധം സൃഷ്‌ടിക്കുകയാണ് അദ്ദേഹം.

കൊച്ചിയിൽ ഓൾ ഇന്ത്യ ഒക്ക്യുപ്പെഷണൽ തെറാപ്പിസ്റ്റ് അസോസിയേഷന്റെ വാർഷിക സമ്മേളനമായ ഓറ്റികോൺ 2024ൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ജീവിതാനുഭവം പങ്കുവച്ചു.

2008 ജൂണിൽ ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായി പശ്ചിമബംഗാളിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. അദ്ദേഹം ഓടിച്ചിരുന്ന കാർ മഴയിൽ തെന്നി ഡിവൈഡറിലേക്ക് ഇടിച്ചുകയറി. പുലർച്ചെ നാലരയ്ക്കായിരുന്നു അപകടം. കഴുത്ത് കാറിന്റെ സ്റ്റിയറിംഗിൽ ശക്തമായി ഇടിച്ച് നാഡീഞരമ്പുകൾ ഞെരുങ്ങി. കൊൽക്കത്തയിലെ ബിർള ഹോസ്പിറ്റലിൽ ശസ്ത്രക്രിയയിലൂടെ നാഡികളിലെ തടസങ്ങൾ നീക്കി. ശരീരത്തിന്റെ വലതുവശം പൂർണമായും ഇടതുവശം ഭാഗികമായും തളർന്നതിനാൽ നടക്കാനോ എഴുന്നേറ്റിരിക്കാനോ കഴിയാതെ കിടപ്പിലായി. ഈ അവസ്ഥയിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണെന്ന് വരെ തോന്നിയെന്ന് അദ്ദേഹം പറഞ്ഞു.

പതിനെട്ടാം ദിവസം അദ്ദേഹത്തെ വിമാനത്തിൽ നാട്ടിലെത്തിച്ചു. 45 ദിവസം ചലനശേഷിയില്ലായിരുന്നു. ഫിസിയോതെറാപ്പിയും ഒക്ക്യുപ്പെഷണൽ തെറാപ്പിയും പ്രയോജനപ്പെടുത്തി പതിയെപ്പതിയെ നടക്കാനുള്ള കഴിവ് വീണ്ടെടുത്തു. ഇപ്പോഴും ചികിത്സ തുടരുകയാണ്.

ഒക്ക്യുപ്പെഷണൽ തെറാപ്പി പോലെയുള്ള സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി ജീവിതലക്ഷ്യം തുടരുകയാണ് അദ്ദേഹം. മലേഷ്യയും തായ്‌ലൻഡുമുൾപ്പെടെ വിവിധയിടങ്ങളിൽ യാത്ര ചെയ്തു. അപകടത്തിന് ശേഷം ഒറ്റയ്ക്ക് വാഹനമോടിക്കാനുള്ള ശേഷിയും വീണ്ടെടുത്തു. മൂന്നുമാസം പരസഹായത്തിലാണ് കഴിഞ്ഞത്. ആത്മവിശ്വാസം വീണ്ടെടുത്ത അദ്ദേഹം പിന്നീട് സ്വന്തം കാര്യങ്ങൾ തനിയെ ചെയ്യാൻ ശീലിച്ചു.

അപകടങ്ങളിൽപ്പെട്ടവർ കൃത്യമായി ഫിസിയോതെറാപ്പിയും ഒക്ക്യുപ്പെഷണൽ തെറാപ്പിയും നടത്തിയാൽ വൈകല്യങ്ങളെ പരിധിവരെ മറികടക്കാമെന്ന് അദ്ദേഹം പറയുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് ഡോ. ടി.വി. വേലായുധൻ എം.ബി.ബി.എസും ബിരുദാനന്തര ബിരുദവും നേടിയത്. ആരോഗ്യ വകുപ്പിൽ അഡിഷണൽ ഡയറക്ടർ, കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ അഡിഷണൽ പ്രോജക്ട് ഡയറക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.