മൂവാറ്റുപുഴ: ലയൺസ് ക്ലബ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലയൺസ് പാർപ്പിടം പദ്ധതി പ്രകാരം 12 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചുനൽകുന്നു. രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ ഭൂമിയും പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ് നൽകും.
ഒരുകോടി രൂപയോളം ചെലവഴിച്ച് 600 സ്ക്വയർ ഫീറ്റ് ഏരിയയിലാണ് വീടുകൾ നിർമ്മിക്കുന്നത്. പത്ത് വീടുകൾ ഫെബ്രുവരിയോടെ പൂർത്തിയാകും. അവസാന രണ്ട് വീടുകളുടെ നിർമ്മാണോദ്ഘാടനം കടാതിയിൽ ഡോ. പോൾ പി. കല്ലുങ്കൽ നിർവഹിച്ചു. മൂവാറ്റുപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് എ. ആർ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, പഞ്ചായത്ത് അംഗം വിജി പ്രഭാകരൻ, പ്രസ് ക്ലബ് പ്രസിഡന്റ് കെ.പി. റസാഖ് , ലയൺസ് ക്ലബ് ഭാരവാഹികളായ ജോം ജോസ്, വർഗീസ്, എം.വി. ജോസ്, ബിജു തോട്ടം, എൻ. ശിവദാസ്, ബിജു കെ. തോമസ്, തോമസ് മൂലയിൽ, ബ്രിജേഷ് പോൾ തുടങ്ങിയവർ സംസാരിച്ചു.