kurabana

കൊച്ചി: ഏകീകൃത കുർബാന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിറോമലബാർസഭാ ബിഷപ്പുമാർ ഒപ്പിട്ട സർക്കുലർ വായിച്ചത് എറണാകുളം അതിരൂപതയിലെ 328പള്ളികളിൽ 10ൽ മാത്രമാണെന്ന് അൽമായ മുന്നേറ്റം അവകാശപ്പെട്ടു. അതിരൂപത സ്ഥാപനങ്ങളിലും മഠങ്ങളിലും സർക്കുലർ വായിച്ചില്ലെന്ന് അതിരൂപത സമിതി അറിയിച്ചു.

കോക്കുന്ന്, മഞ്ഞപ്ര, താന്നിപ്പുഴ, തോപ്പിൽ, യൂണിവേഴ്‌സിറ്റി, ഫോർട്ട്‌കൊച്ചി, തിരുവാങ്കുളം, ഉഴുവ, മരുതോർവട്ടം, മലയാറ്റൂർ എന്നിവിടങ്ങളിലാണ് സർക്കുലർ വായിച്ചത്. അഞ്ച് ഇടവകകളിൽ ഏകീകൃത കുർബാന സമർപ്പിച്ചു. പള്ളികളിലും മഠങ്ങളിലും ജനഭിമുഖ കുർബാനയാണ് നടന്നത്. കിഴക്കമ്പലം ഫൊറോന, മലയാറ്റൂർ, നെടുമ്പ്രക്കാട്ട് പള്ളികളിൽ കുർബാന അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് വിശ്വാസികൾ തടഞ്ഞു. അടച്ചിട്ടിരുന്ന കീഴ്മാട് പള്ളിയിൽ കിഴക്കമ്പലം ഫൊറോന വികാരിയുടെ നേതൃത്വത്തിൽ കുർബാന അർപ്പിച്ചു.

അതിരൂപതയിലെ സ്ഥിതി വത്തിക്കാനെ ബോദ്ധ്യപ്പെടുത്താൻ സഭാ നേതൃത്വം തയ്യാറാകാതെ പ്രശ്‌ന പരിഹാരമാകില്ലെന്ന് അൽമായ മുന്നേറ്റം കൺവീനർ ജെമി ആഗസ്റ്റിൻ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ പറഞ്ഞു.