
നൈതികാന്വേഷകരായ സ്ത്രീകളുടെ പ്രവർത്തനം രേഖപ്പെടുത്താനുള്ള ഏർപ്പാടുകൾ കേരള ചരിത്രത്തിൽ കുറവാണ്. ശ്രീനാരായണഗുരു, ബ്രഹ്മാനന്ദസ്വാമി ശിവയോഗി, പണ്ഡിറ്റ് കറുപ്പൻ, സഹോദരൻ അയ്യപ്പൻ, വാഗ്ഭടാനന്ദ സ്വാമി എന്നിവരുമായി ചേർന്ന് തപസ്വിനി അമ്മ പ്രവർത്തിച്ചതിന്റെ ചരിത്രം എഴുതപ്പെടുമ്പോഴാണ് കേരളത്തിൽ വികസിച്ചുവന്ന സവിശേഷമായ സ്ത്രീപക്ഷ നൈതികാന്വേഷണങ്ങളുടെ ചരിത്രം തെളിയുക. തപസ്വിനി അമ്മ രൂപകൽപ്പന ചെയ്ത ദർശനത്തെ പൊതുജനസമക്ഷം എത്തിക്കാനുള്ള ശ്രമം അവരുടെ ദേഹവിയോഗത്തിന്റെ അമ്പതാമാണ്ടിലെങ്കിലും ആരംഭിക്കേണ്ടതുണ്ട്. 1975 ജനുവരി 23 നാണ് തപസ്വിനി അമ്മ അന്തരിച്ചത്.
ആചാരങ്ങളും അധികാര ക്രമങ്ങളുമായി ബന്ധപ്പെട്ട് കുടുംബങ്ങൾ വല്ലാതെ വീർപ്പുമുട്ടുന്ന കാലത്താണ് തപസ്വിനിയുടെ ജനനം. ചെറായിയിലെ 'വലിയവീട്' എന്നറിയപ്പെട്ട കുടുംബത്തിൽ തപസ്വിനി 1880 ഓഗസ്റ്റ് 24 ന് ജനിച്ചു. യഥാർത്ഥ പേര് പാപ്പിക്കുട്ടി. അച്ചുക്കുട്ടി വൈദ്യനാണ് പിതാവ്. പണ്ഡിറ്റ് കറുപ്പനിൽ നിന്ന് സംസ്‌കൃത ഭാഷയിൽ പ്രാവീണ്യം നേടിയത് തപസ്വിനിയുടെ പിൽക്കാല പ്രവർത്തനത്തിന്റെ പടവായി. തറവാട്ടുമഹിമയും സമ്പൽസമൃദ്ധിയുമുള്ള അന്തരീക്ഷത്തിലാണ് വളർന്നതെങ്കിലും ഈഴവ കുടുംബത്തിൽ പിറന്നതുകൊണ്ട് ജന്മിത്വത്തിന്റെ പ്രഹരവും ജാതീയമായ അവഗണനയും അറിയേണ്ടിവന്നു. എന്നിരുന്നാലും പാപ്പിക്കുട്ടിയുടെ കണ്ണിൽപ്പെട്ടത് അശരണരും ആലംബഹീനരുമായ പാവപ്പെട്ടവരുടെ ദീനചിത്രങ്ങളാണ്. സമൂഹത്തിൽ നിലനിന്ന ജാതി വിവേചനവും സ്ത്രീവിരുദ്ധ നിലപാടുകളും മനസ്സിലാക്കിയ തപസ്വിനി അതിനെതിരായ പ്രതികരണ രീതികൾ പാകപ്പെടുത്തി.
പണ്ഡിറ്റ് കറുപ്പന്റെയും അദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരൻ കുട്ടപ്പനാശാന്റെയും സ്വാധീനത്താൽ തപസ്വിനി ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ ആലത്തൂർ ആശ്രമത്തിൽ എത്തിച്ചേർന്നു. ബ്രഹ്മാനന്ദസ്വാമി ശിവയോഗിയാണ് പാപ്പികുട്ടി എന്ന ശിഷ്യയ്ക്ക് 'തപസ്വിനി' എന്ന പേരു നൽകിയത്. ആലത്തൂർ ആശ്രമത്തിൽ വച്ച് തപസ്വിനിക്ക് സ്വാമി വാഗ്ഭടാനന്ദനുമായി സംവദിക്കാൻ അവസരം ലഭിച്ചിരുന്നു. സ്ത്രീപക്ഷ മാനവികത എന്ന വിചാരത്തെ ദാർശനികമായി ബലപ്പെടുത്താൻ ആശ്രമത്തിൽ വച്ചുള്ള അനുഭവങ്ങളും ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ കൃതികളായ സ്ത്രീവിദ്യാപോഷിണിയും മോക്ഷപ്രദീപവും കാരണമായിട്ടുണ്ട്.
കൃത്യതയാർന്നതും ശ്രമകരവുമായ നിരീക്ഷണങ്ങൾ നടത്താൻ ശേഷിയുള്ള തപസ്വിനിയുടെ ക്ഷമാപൂർവ്വമായ പരിശ്രമങ്ങളുടെയും അർപ്പണബോധമുള്ള നിലപാടുകളുടെയും സമുച്ചയമാണ് 1921 ജൂൺ ആറിന് എറണാകുളത്ത് ആരംഭിച്ച എസ്.എൻ.വി സദനം. ശ്രീനാരായണ ഗുരുവാണ് പ്രേരകശക്തി. പാണാവള്ളി കൃഷ്ണൻ വൈദ്യൻ, മണ്ണാന്തറ പാർവതി അമ്മ, അഴീക്കൽ കൃഷ്ണൻ മാസ്റ്റർ എന്നിവരുടെ പിന്തുണ തപസ്വിനിക്കു ലഭിച്ചിരുന്നു. സ്ത്രീകളെ പൊതുസമൂഹത്തിന്റെ ചിന്താധാരയിലേക്ക് ഉയർത്താനായാണ് അബലാശരണം സ്ഥാപിച്ചത്. അശരണരായ സ്ത്രീകൾക്ക് സൗജന്യ ഭക്ഷണവും താമസവും നൽകി അവരെ സാമൂഹ്യനിർമ്മിതിക്ക് പ്രാപ്തമാക്കാൻ അബലാശരണത്തിലൂടെ തപസ്വിനിക്കു സാധിച്ചു.
കുട്ടികളുടെയും അശരണരായ സ്ത്രീകളുടെയും ശുശ്രൂഷയ്ക്കായി തപസ്വിനി അമ്മ വൈദ്യവൃത്തിയിൽ ഏർപ്പെട്ടു. വിവിധ ജ്ഞാന പാരമ്പര്യങ്ങളെ അറിയാനും അവയെ കാലികമായി പുതുക്കാനും തപസ്വിനിക്കു സാധിച്ചു. സി.ആർ. രാജഗോപാലനും മറ്റും പഠന വിഷയമാക്കിയ അമ്മൂമ്മ വൈദ്യം എന്ന ചികിത്സാക്രമം തപസ്വിനിയുടെ ചികിത്സാവിധിയായി മാറിയിട്ടുണ്ട്. ആലത്തൂർ ആശ്രമത്തിൽനിന്ന് സിദ്ധവൈദ്യ രീതികളും ഉൾക്കൊണ്ടു. പ്രകൃതിചികിത്സാ സമ്പ്രദായത്തെയും പരിപോഷിപ്പിച്ച തപസ്വിനി ഹോമിയോ ചികിത്സാരംഗത്തും ശ്രദ്ധിച്ചു. ഒ.കെ. മാധവി അമ്മ ഉൾപ്പെടെ നിരവധി സ്ത്രീകൾ ഹോമിയോ ചികിത്സാ രംഗത്ത് സജീവമാവുകയും തപസ്വിനി അമ്മയോടൊപ്പം ദീർഘനാൾ സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
എസ്.എൻ.വി സദനത്തിൽ ഒ.കെ. മാധവി അമ്മയുടെ നേതൃത്വത്തിൽ നിരവധി സൗജന്യ ഹോമിയോ ചികിത്സാ ക്യാമ്പുകൾ നടന്നിട്ടുണ്ട്. ജാതിമതഭേദമില്ലാതെ നിരവധി കുട്ടികളെ ശുശ്രൂഷിച്ച തപസ്വിനി അവരിൽ പലർക്കും അബാലാശരണത്തിൽ സൗജന്യ താമസവും ഭക്ഷണവും നൽകി. ഒരു വൈദ്യനു മാത്രമേ നാരായണ ഗുരുവിന്റെ സത്യദർശനം തിരിച്ചറിയാൻ സാധിക്കൂ എന്ന് രാഘവൻ തിരുമുൽപ്പാട് പറഞ്ഞതിന്റെ പൊരുളും ഇതു തന്നെ. ഒരു വിശിഷ്ട കർമ്മ മാതൃക തപസ്വിനി അമ്മ നമ്മൾക്കായി ആവിഷ്‌കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഹൃദയഭാവങ്ങളുടെ രൂപാന്തരപ്രാപ്തിക്കായി അവയിൽ നിന്ന് പല പാഠങ്ങൾ നാം പഠിക്കേണ്ടതുണ്ട്.
(എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്രവിഭാഗം അദ്ധ്യാപകനാണ് ലേഖകൻ. ഫോൺ: 97461 79123)