പെരുമ്പാവൂർ: സ്ട്രീറ്റ് ലൈറ്റ് മങ്ങിത്തെളിയുന്നതും ഇഴജന്തുക്കളുടെ ശല്യവും വല്ലംകടവ് പാലത്തിലെ യാത്ര ദുഷ്കരമാക്കുന്നു. പാലത്തിലും സമീപത്തും ലഹരിമാഫിയ സംഘങ്ങൾ തമ്പടിക്കുന്നതും യാത്രക്കാരെ ഭയത്തിലാഴ്ത്തുന്നു.
പാലത്തിലെ വഴിവിളക്കിന് വെളിച്ചക്കുറവുള്ളതായി പ്രദേശവാസികൾ പറയുന്നു. പാലം കഴിഞ്ഞ് പെരുമ്പാവൂർ ഭാഗത്തേക്ക് പോകുമ്പോൾ കൂരിരുട്ടാണ്. ഇഴജന്തുക്കളുടെ ഉപദ്രവും വർദ്ധിക്കുന്നു. കാൽനട, വാഹനയാത്രികർ പാമ്പിനെ ഭയന്നാണ് ഇതുവഴി സഞ്ചരിക്കുന്നത്. പാലത്തിന് അരുകിലെ കലുങ്ക് കാടുകയറിയ നിലയിലാണ്.
പാലവും കലുങ്കും പിന്നിടുമ്പോഴുള്ള ഭാഗത്ത് റോഡിന്റെ വീതി കുറവും വൻ വൻകുഴികളും അപകടങ്ങളും സൃഷ്ടിക്കുന്നുണ്ട്. രാത്രിയിൽ ഈ കുഴികളിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.