
കൊച്ചി: പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ രൂപീകരണത്തിലൂടെ വൻകിട തോട്ടങ്ങൾ കേന്ദ്രീകരിച്ചുള്ള ടൂറിസത്തിന് വൻ സാദ്ധ്യതകളാണെന്ന് കൊച്ചിയിൽ പ്ലാന്റേഷൻ എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ വിലയിരുത്തി.
തോട്ടം മേഖലയിലെ അഞ്ച് ശതമാനം ഭൂമി വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ദീർഘകാലമായി അനുമതിയുണ്ടെങ്കിലും ടൂറിസം മേഖലയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ല. പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിച്ചതിനാൽ തോട്ടം മേഖല സംസ്ഥാന വ്യവസായ വകുപ്പിന് നിയന്ത്രണത്തിലായതോടെ പ്ലാന്റേഷൻ ടൂറിസത്തിന് വലിയ സാദ്ധ്യതകൾ തെളിയുകയാണ്.
തോട്ടങ്ങളിലൂടെയുള്ള സിപ് ലൈൻ, ജീപ്പ് സഫാരി, റോവിംഗ്, ട്രക്കിംഗ്, ആഡംബര ബംഗ്ലാവുകളിൽ പ്രകൃതിയെ തൊട്ടറിഞ്ഞുള്ള താമസം തുടങ്ങിയ മൂല്യവർദ്ധിത സേവനങ്ങൾ സഞ്ചാരികൾക്ക് ലഭ്യമാക്കാൻ ഇതോടെ അവസരം ലഭിക്കും.
കേരളത്തിന്റെ തനത് ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ വൻകിടത്തോട്ടങ്ങൾക്ക് വലിയ സാദ്ധ്യതകളാണുള്ളതെന്ന് അസോസിയേഷൻ ഒഫ് പ്ലാന്റേഷൻസ് ഒഫ് കേരള (എ.പി.കെ) ചെയർമാൻ പ്രിൻസ് തോമസ് ജോർജ് പറഞ്ഞു. പൈതൃക ബംഗ്ലാവുകളും അറിയപ്പെടാത്ത മനോഹരയിടങ്ങളും സമ്പന്നമാക്കുന്ന പ്ലാന്റേഷനുകളെ പ്രയോജനപ്പെടുത്തിയാൽ സംസ്ഥാന ടൂറിസം മേഖല മികച്ച വളർച്ച നേടുമെന്ന് അദ്ദേഹം പറഞ്ഞു.