പെരുമ്പാവൂർ: മേക്കപ്പ്മാനും ഗാനരചയിതാവുമായ പെരുമ്പാവൂർ മാരുതുകവല നെടുവേലി വീട്ടിൽ ദോസ്തി പത്മന്റെ (78) സംരക്ഷണം സി.പി.എം. ഏറ്റെടുത്തു. അവിവാഹിതനും സംരക്ഷിക്കാൻ ആരുമില്ലാതെ രോഗിയായി വീട്ടിൽ കഴിയുകയായിരുന്നു പത്മൻ.
കലാകാര, വാർദ്ധക്യ കാല പെൻഷനുകൾ ഒരേ സമയം ലഭിച്ചു കൊണ്ടിരുന്ന പത്മന് ഒരാൾക്ക് രണ്ടു പെൻഷൻ വാങ്ങാൻ നിയമമില്ലാത്തതാനാൽ സാംസ്കാരിക വകുപ്പിൽ നിന്നുള്ള പെൻഷൻ ഒഴിവാക്കി വാർദ്ധക്യകാല പെൻഷൻ നിലനിറുത്തിയിരുന്നു. രണ്ട് പെൻഷനുകളും 1600 രൂപ വീതമാണ്. എന്നാൽ വാർദ്ധക്യകാല പെൻഷൻ ഒഴിവാക്കി കലാകാര പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നവകേരള സദസിൽ അപേക്ഷ നൽകിയതിനെത്തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം വാർദ്ധക്യകാല പെൻഷൻ ഒഴിവാക്കി. കലാകാര പെൻഷൻ നൽകാനുള്ള നടപടികൾ നടക്കുകയാണ്.
സാംസ്കാരിക വകുപ്പിന്റെ സഹായം ലഭിക്കുന്നതുവരെയുള്ള സംരക്ഷണമാണ് സി.പി.എം. ഏരിയ കമ്മിറ്റി അംഗം എൻ.സി മോഹനന്റെ നേതൃത്വത്തിൽ ഏറ്റെടുത്തത്. വെസ്റ്റ് ലോക്കൽ സെക്രട്ടറി ഷീല സതീശൻ, പി.സി ജെനിലാൽ, എം.ജി അഭിലാഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു. 11-ാം വയസിൽ നാടകാഭിനയത്തിലൂടെ കലാരംഗത്ത് വന്ന പത്മൻ നാടകം, ഗാനം, കവിത, വില്ലടിച്ചാൻപാട്ട്, കഥാപ്രസംഗം, എന്നിവയുടെ രചയിതാവും മേക്കപ്പ് മാനുമാണ്. ദോസ്തി ആർട്ട് സ് ക്ളബിന്റെ സ്ഥാപകനായതുകൊണ്ടാണ് പേരിനൊപ്പം ദോസ്തി എന്ന പേര് ലഭിച്ചത്.