കൊച്ചി: ശമ്പള വർദ്ധനവും ഉത്പാദനച്ചെലവും മൂലം നട്ടം തിരിയുന്ന തോട്ടം മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് കൊച്ചിയിൽ നടക്കുന്ന രണ്ടാമത് പ്ലാന്റേഷൻ എക്‌സ്‌പോയിലെ സിമ്പോസിയം അഭിപ്രായപ്പെട്ടു.

ദ്രുതഗതിയിലുള്ള കാലാവസ്ഥാവ്യതിയാനം, 2018 ലെ പ്രളയം എന്നിവ പ്ലാന്റേഷൻ മേഖലയുടെ നടുവൊടിച്ചു. തോട്ടം ഉടമകളുടെ വിശ്വാസം തിരികെ കൊണ്ടുവരാൻ അധികാരികൾ ശ്രമിക്കണം. വിദഗ്‌ധോപദേശത്തിനായി കൃത്യമായ ഇടവേളകളിൽ പരിശീലന കളരികൾ സംഘടിപ്പിക്കണമെന്നും സിമ്പോസിയത്തിൽ അഭിപ്രായമുയർന്നു.

ഏതാനും ദശകങ്ങൾ മുമ്പ് വരെ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായിരുന്നു തോട്ടം മേഖലയെന്ന് കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിലെ പ്രൊഫ. അശുതോഷ് സർക്കാർ പറഞ്ഞു. ഏതു വിള കൃഷി ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം തോട്ടം ഉടമകൾക്ക് നൽകണം. ഈ മേഖലയെ ലാഭകരമാക്കാൻ വേണ്ടി വൈവിധ്യവത്കരണം ഒഴിച്ചുകൂടാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായവകുപ്പിന് കീഴിലുള്ള പ്ലാന്റേഷൻ ഡയറക്ടറേറ്റാണ് എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച തുടങ്ങിയ മേള ഇന്ന് സമാപിക്കും. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.

 റബർ, ലാഭമില്ലാത്ത തോട്ടവിള

ഇറക്കുമതി നിയന്ത്രണം തോട്ടം മേഖലയുടെ നിലനില്പിന് അത്യാവശ്യമാണെന്ന് യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ഒഫ് സൗത്ത് ഇന്ത്യ (ഉപാസി) പ്രസിഡന്റ് സി. ശ്രീധരൻ പറഞ്ഞു. കേരളത്തിലെ റബർ ഉത്പാദനം 2013 ലെ 8 ലക്ഷത്തിൽ ടണ്ണിൽ നിന്ന് ആറ് ലക്ഷം ടണ്ണായി. ലാഭമില്ലാത്ത തോട്ടവിളയായി റബർ മാറി. മേക്ക് ഇൻ ഇന്ത്യ പോലെ ഗ്രോ ഇൻ ഇന്ത്യ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനിതകമാറ്റം വരുത്തിയ തോട്ടവിളകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് റബർ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് സാദിഖ് പറഞ്ഞു. ഇടവിളകൾ വരുമാനം കൂട്ടുകയും ജൈവസന്തുലിതാവസ്ഥ സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്‌പൈസസ് ബോർഡ് പ്രതിനിധി നിതിൻ ജോയ്, കോഫി ബോർഡ് ഡെ.ഡയറക്ടർ ഡോ. എം കറുത്തമണി എന്നിവർ സംസാരിച്ചു. എ.പി.കെ മുൻ ചെയർമാനും ടെക്‌നിക്കൽ കമ്മിറ്റി അംഗവുമായ എസ്.ബി. പ്രഭാകർ ചർച്ച മോഡറേറ്റ് ചെയ്തു.