പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ കൊടികുത്തിയകുന്നിൽ കുടിവെള്ള പദ്ധതിക്ക് ഓവർഹെഡ് ടാങ്ക് നിർമ്മിക്കാൻ സ്ഥലം കണ്ടെത്തി. ആറാം വാർഡിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലം പഞ്ചായത്ത് വാങ്ങും. ഇവിടെ വാട്ടർ അതോറിട്ടി 2,40,000 ലിറ്റർ ജലം ഉൾക്കൊള്ളുന്ന ഓവർഹെഡ് ടാങ്ക് നിർമ്മിക്കും.
ഇളന്തിക്കര, മാളവന, കീഴുപ്പാടം തുടങ്ങി വിവിധ പ്രദേശങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇളന്തിക്കരയിലെ പമ്പ് ഹൗസിൽ വൈദ്യുതി നിലച്ചാലും ഓവർഹെഡ് ടാങ്കിൽ നിന്നു വെള്ളം പമ്പ് ചെയ്യാനാകും. മാനാഞ്ചേരിക്കുന്നിൽ ഓവർഹെഡ് ടാങ്ക് നിർമ്മിച്ചു പ്രവർത്തനം തുടങ്ങിയിരുന്നു. കൊടികുത്തിയകുന്നിൽ വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന ടാങ്ക് പൊളിച്ച ശേഷം അതേ സ്‌ഥാനത്ത് പുതിയത് നിർമ്മിക്കാനായിരുന്നു പദ്ധതി. ഈ സ്ഥലത്തെ സംബന്ധിച്ച് തർക്കം ഉണ്ടായതിനെ തുടർന്നാണ് പുതിയ സ്ഥലം സമീപത്ത് കണ്ടെത്തിയത്.