bjp
വിവിധ പാർട്ടികളിൽ നിന്ന് ബി.ജെ.പിയിൽ ചേർന്നവരെ സ്വീകരിക്കുന്ന ചടങ്ങിൽ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി സംസാരിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് നിലവിലുള്ള എല്ലാ രാഷ്ട്രീയ സമവാക്യങ്ങളെയും തകർത്ത് രാഷ്ട്രീയ വിസ്ഫോടനം സൃഷ്ടിക്കാൻ ബി.ജെ.പിക്ക് കഴിയുമെന്ന് പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. എൻ.സി.പി ഉൾപ്പെടെ വിവിധ പാർട്ടികളിൽ നിന്ന് ബി.ജെ.പിയിൽ എത്തിയ നേതാക്കൾക്കു നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനുവരിയിലെ സന്ദർശനങ്ങൾക്ക് ശേഷം അനവധിയാളുകളാണ് പാർട്ടിയിലേക്ക് വരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് സംസ്ഥാനത്തും വലിയ നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എൻ.സി.പി സംസ്ഥാന സമിതിയംഗവും മുൻ പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാനുമായ കെ.ജി. രാജൻ, ദേശീയ സമിതിയംഗം അഡ്വ.സി.ജെ. ജോയ്, മുൻ ജില്ലാ സെക്രട്ടറി ടി.കെ.സജീവൻ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി രാജേഷ് കെ.ജി. മനോഹരൻ (സി.പി.എം), സുനിൽ കെ. അസീസ് (വ്യവസായി ), ആന്റണി കെ. ജോൺ, ശ്രീനിവാസ് (സിനിമാ പ്രവർത്തകൻ), ഡോ. ബിന്ദു സത്യജിത്ത് (സാമൂഹ്യ പ്രവർത്തക - വ്യവസായി) തുടങ്ങിയവരെ ജില്ലാ ഓഫീസിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി എന്നിവർ പാർട്ടിയിലേക്ക് സ്വീകരിച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ കൗൺസിൽ അംഗം സി. രഘുനാഥ്, ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.