y

തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങരയിൽ നിർമ്മാണത്തിലുള്ള വീടിനു മുന്നിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ശ്രീനിവാസ കോവിലിലേക്കുള്ള പാവംകുളങ്ങര റോഡിന് സമീപം കുലയറ്റിക്കര മറ്റംകണ്ടത്തിൽ കെ.ജെ. കിഷോർകുമാർ നിർമ്മിക്കുന്ന വീടിന്റെ മുറ്റത്ത് ഗാർബേജ് ബാഗിലായിരുന്നു അസ്ഥികൾ.

ഇന്നലെ രാവിലെ 9 മണിയോടെ തൊഴിലാളികൾ വീടിന്റെ ഒന്നാം നിലയിലെ പലകത്തട്ടിനായി തറയോട് ചേർന്ന വിറക് കൂന നീക്കിയപ്പോഴാണ് ഗാർബേജ് ബാഗ് ശ്രദ്ധയിൽ പെട്ടത്. ഇത് മാറ്റി വയ്ക്കുന്നതിനിടെ കവർ പൊട്ടി അസ്ഥിഭാഗങ്ങൾ നിലത്തു വീഴുകയായിരുന്നു. തലയോട്ടിയും ഒരു കൈയുടെ ഭാഗവും പല്ലും കുറച്ച് എല്ലിന്റെ ഭാഗങ്ങളുമായിരുന്നു കവറിൽ. പരിഭ്രാന്തരായ തൊഴിലാളികൾ കിഷോറിനെ അറിയിച്ചു. തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിൽ കിഷോറാണ് വിവരം അറിയിച്ചത്.

ഫോറൻസിക് വിദഗ്ദ്ധർ അവശിഷ്ടങ്ങൾ പരിശോധിച്ച ശേഷം ലാബിലേക്ക് മാറ്റി. നല്ല പഴക്കം തോന്നുന്നതാണ് അസ്ഥികൾ. കുഴിച്ചിട്ടിരുന്നതാണോ എന്നും സംശയമുണ്ട്.

കെട്ടിട നിർമ്മാണ കോൺട്രാക്ടറായ കിഷോർ ഒരു വർഷം മുമ്പാണ് സമീപവാസിയായ ബാലകൃഷ്ണനിൽ നിന്ന് അഞ്ചു സെന്റ് ഭൂമി വാങ്ങി വീടുനിർമ്മാണം തുടങ്ങിയത്. ബാക്കിയുള്ള സ്ഥലത്ത് ബാലകൃഷ്ണൻ നിർമ്മിക്കുന്ന വീട് പൂർത്തിയായെങ്കിലും താമസം തുടങ്ങിയിട്ടില്ല. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

തൃപ്പൂണിത്തുറ ഹിൽപാലസ് സി.ഐ പി.എച്ച്. സമീഷിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ രേഷ്മ, ഫോറൻസിക്ക് സയന്റിഫിക്ക് ഓഫീസർ ധനേഷ്ബാബു എന്നിവർ പരിശോധന നടത്തി. ഹിൽപാലസ് പൊലീസ് കേസെടുത്തു.