
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്നാംപ്രതി കാരംവേലി കടകംപള്ളി വീട്ടിൽ ലൈല ഭഗവൽസിംഗിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തിൽ ഹർജിക്കാരിക്ക് നേരിട്ടുപങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. കാലടി സ്വദേശി റോസ്‌ലിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ജാമ്യഹർജിയിലാണ് ജസ്റ്റിസ് സോഫി തോമസിന്റെ വിധി.
ഹർജിക്കാരി ജാമ്യത്തിലിറങ്ങിയാൽ സമൂഹത്തിലെ സമാധാനത്തിനു ഭീഷണിയാകുമെന്നും സമൂഹ മന:സാക്ഷിക്ക് കളങ്കമായിത്തീരുമെന്നും ഉത്തരവിൽ പറയുന്നു. സമാന സ്വഭാവമുള്ള കുറ്റവാളികൾക്ക് ഇത് തെറ്റായ സന്ദേശവും നല്കും. കുറ്റാരോപണങ്ങൾ തെളിഞ്ഞാൽ മനുഷ്യനെന്ന നാമം പേറാൻ പ്രതികൾ അർഹരല്ല. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതി നടപടിയെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ലൈല 2022 ഒക്ടോബർ 25 മുതൽ ജയിലിലാണെന്നും 59 കഴിഞ്ഞ സ്ത്രീയാണെന്നുമുള്ള കാര്യം പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി നിരാകരിച്ചു. തനിക്കെതിരെ തെളിവില്ലാതെ കെട്ടിച്ചമച്ച കേസാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല ഹർജി നല്കിയത്. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി, ലൈലയുടെ ഭർത്താവ് ഭഗവൽസിംഗ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.