ആലുവ: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ഭജനയും നടത്തി. ആലുവ തുരുത്തുമ്മൽ വീരഭദ്രകാളി ക്ഷേത്രത്തിൽ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിവിധ ചടങ്ങുകൾ നടന്നു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഒ.ബി. സുദർശനൻ, സെക്രട്ടറി ശശി തുരുത്ത്, രൂപേഷ് പൊയ്യാട്ട് എന്നിവരുടെ നേതൃത്വത്തിൽ ഭജന നടന്നു. പ്രാണപ്രതിഷ്ഠയുടെ തത്സമയ വീഡിയോ പ്രദർശനവും അന്നദാനവുമുണ്ടായി.

നൊച്ചിമ പോട്ടച്ചിറ ക്ഷേത്രത്തിലും വിവിധ പരിപാടികൾ നടന്നു. ക്ഷേത്രത്തിൽ ഭക്തർക്കായി ബിഗ് സ്‌ക്രീൻ ഒരുക്കിയിരുന്നു. ഭജന, പ്രഭാഷണം, ആരതി, പ്രസാദവിതരണം, രാമസദ്യ തുടങ്ങിയവയിലും നിരവധി ഭക്തർ പങ്കെടുത്തു.

മേയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും വിവിധ പരിപാടികളുണ്ടായി. പ്രാണപ്രതിഷ്ഠ ഭക്തിസമ്മേളനം, അയോദ്ധ്യ ചരിത്രത്തെ കുറിച്ച് പ്രഭാഷണം, തുടർന്ന് ശ്രീരാമപൂജ, നാമജപം, ആരതി അർപ്പണം, അന്നദാനം, വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച എന്നിവ നടന്നു.