
□കരുവന്നൂരിൽ അന്വേഷണം നീളുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി
കൊച്ചി: സഹകരണ ബാങ്കുകൾ കോടീശ്വരന്മാർക്കുള്ളതല്ലെന്നും സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണെന്നും ഹൈക്കോടതി. കരുവന്നൂർ കേസിൽ കണ്ടെത്തിയ ക്രമക്കേടുകൾ പ്രഥമദൃഷ്ട്യാ സഹകരണ ബാങ്കുകളിൽ നടന്നുവരുന്ന കുഴപ്പങ്ങളുടെ നേർച്ചിത്രമായാണ് വിലയിരുത്തുന്നത്. അന്വേഷണം അനന്തമായി നീളാനാകില്ലെന്നും കോടതി വ്യക്തമാക്കി.
വായ്പാ തട്ടിപ്പ് കേസിൽ സ്വത്തുകൾ കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തത് ചോദ്യം ചെയ്ത് പ്രതി അലിസാബ്രി നല്കിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം.കരുവന്നൂർ കേസിൽ ഇ.ഡിയുടെ അന്വേഷണം നീണ്ടുപോകുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. പണം നഷ്ടപ്പെട്ട് നെട്ടോട്ടമോടുന്ന നിക്ഷേപകർക്ക് അന്വേഷണത്തിൽ വിശ്വാസമില്ലാതാക്കുന്ന പ്രവണതയാണിത്.
2021ൽ തുടങ്ങിയ അന്വേഷണമാണ്. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും പൂർത്തിയാക്കാൻ വേണ്ട സമയം അറിയിക്കാനും കോടതി നിർദ്ദേശിച്ചു. ഹർജി ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കും.
കരുവന്നൂർ കേസിൽ ഇതുവരെ കണ്ടെത്തിയത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ഇ.ഡിയുടെ വാദം. പൊതുസമൂഹത്തെ ബാധിക്കുന്ന പല സംശയകരമായ ഇടപാടുകളും നടന്നിട്ടുണ്ട്. അനധികൃത വായ്പകൾ അനുവദിക്കാൻ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ മന്ത്രി പി. രാജീവ് സമ്മർദ്ദം ചെലുത്തിയെന്നും ഈ കേസിലെ സത്യവാങ്മൂലത്തിൽ ഇ.ഡി. പരാമർശിച്ചിരുന്നു. ഹർജിക്കാരൻ അലിസാബ്രി അഞ്ചരക്കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് ബാങ്ക് പറയുന്നത്. എന്നാൽ താൻ വായ്പയെടുത്ത തുക 2015ൽ തിരിച്ചടച്ചതാണെന്ന് പ്രതി പറയുന്നു. ഈടു നല്കിയ രേഖകൾ ദുരുപയോഗം ചെയ്ത ബാങ്ക് അധികൃതർ തന്റെ പേരിൽ മറ്റു പലർക്കും വായ്പ നല്കിയതാണ് വിഷയമായതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.