കൊച്ചി: വിമാനയാത്രയ്ക്ക് പകരം സൗകര്യം ഏർപ്പെടുത്താതെ ടിക്കറ്റുകൾ റദ്ദാക്കിയ എയർലൈൻസും ഏജൻസിയും 64,442രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കോടതി ഉത്തരവിട്ടു. മുൻ ജില്ലാ ജഡ്ജിയും കൊല്ലം ഉപഭോക്തൃതർക്ക പരിഹാര കമ്മിഷന്റെ മുൻ പ്രസിഡന്റുമായിരുന്ന ഇ.എം. മുഹമ്മദ് ഇബ്രാഹിം, അംഗം സന്ധ്യാറാണി എന്നിവർ നൽകിയ പരാതിയിലാണ് ഡി.ബി. ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഉത്തരവിട്ടത്.

വിമാനത്തിന്റെ കാലപ്പഴക്കംമൂലം സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് പരാതിക്കാരുടെ വാദം. എതിർകക്ഷികളുടെ സേവനത്തിലെ ന്യൂനതമൂലം കൂടിയ തുകനൽകി ടിക്കറ്റ് എടുക്കേണ്ടിവന്നു. അതിന് നഷ്ടപരിഹാരവും ടിക്കറ്റ് തുകയും കോടതിച്ചെലവും നൽകാൻ എതിർകക്ഷികൾ ബാദ്ധ്യസ്ഥരാണെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി. നഷ്ടപരിഹാരവും കോടതി ചെലവുമായി 64,442 ഒരുമാസത്തിനകം പരാതിക്കാർക്ക് നൽകണമെന്നും ഉത്തരവിലുണ്ട്.