intuc

കൊച്ചി: കോൺഗ്രസിൽ ഏറെക്കാലമായി ഐ.എൻ.ടി.യു.സിക്ക് സംഘടനാപരമായ പരിഗണന ലഭിക്കുന്നില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെങ്കിൽ സ്വന്തം നിലയിൽ തീരുമാനം എടുക്കേണ്ടിവരുമെന്നും കൊച്ചിയിൽ സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

പാർട്ടിക്ക് കൃത്യമായി വോട്ട് സമാഹരിച്ച് പൂൾ ചെയ്യാൻ കഴിയുന്ന ഏക പോഷകസംഘടന 20 ലക്ഷം അംഗങ്ങളുള്ള ഐ.എൻ.ടി.യു.സിയാണ്. ഇത്തവണയും അർഹമായ പരിഗണന ലഭിക്കുന്നില്ലെങ്കിൽ ഏതറ്റം വരെയും പോകണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായം. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയേയും കെ.പി.സി.സി നേതൃത്വത്തെയും നിലപാട് അറിയിച്ചിട്ടുണ്ട്.

ഐ.എൻ.ടി.യു.സിക്ക് മുൻ വർഷങ്ങളിൽ നൽകിയ വാക്ക് പാലിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. സിറ്റിംഗ് എം.പിമാർക്ക് സ്ഥിരമായി സീറ്റ് നൽകുന്നതിനോട് ഐ.എൻ.ടി.യു.സിക്ക് യോജിപ്പില്ല. പുതിയ ആൾക്കാരും വനിതകളും മുന്നോട്ട് വരണമെന്ന് രാഹുൽഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരൻ പറഞ്ഞു.