പറവൂർ: മഷിനോട്ടക്കാരനെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ അമ്പലപ്പുഴ ആര്യാട് പക്കാളിച്ചിറ വീട്ടിൽ രാജേഷ് (46), ചങ്ങനാശേരി പെരുന്ന കുന്നേൽപുത്തുപറമ്പിൽ അജിത്കുമാർ (40) എന്നിവരെ പറവൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നര വർഷം തടവിന് ശിക്ഷിച്ചു. ഇരുവരും ഒരുലക്ഷം രൂപ വീതം പിഴയടക്കണം.

2022 നവംബർ ഒന്നിനാണ് സംഭവം. പെരുവാരം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയി‌ൽ കൊടുങ്ങല്ലൂർ സ്വദേശി വിജയൻ നടത്തുന്ന ജ്യോതിഷ കേന്ദ്രത്തിൽ മഷിനോട്ടത്തിനെന്ന വ്യാജേനയാണ് ഇരുവരും എത്തിയത്. വിജയനെ തോർത്ത് കൊണ്ട് കെട്ടിയിട്ട് മർദ്ദിച്ച അവശനാക്കി എട്ട് പവന്റെ സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. പറവൂർ സബ് ഇൻസ്പെക്ടടറായിരുന്ന പ്രശാന്ത് പി. നായരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ലെനിൻ പി. സുകുമാരൻ ഹാജരായി.