കൊച്ചി: ഒരു മെഡിക്കൽ ഓഫീസർ. നഴ്‌സടക്കം അഞ്ച് വിഭാഗം ജീവനക്കാർ. നഗരത്തിൽ അത്യാധുനിക രീതിയിൽ നിർമ്മിക്കുന്ന 33 നഗര ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം ഈ സാമ്പത്തിക വർഷം തന്നെ നടത്താൻ കോർപ്പറേഷൻ തീരുമാനം. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അടുത്ത മാസം ആറിനാണ് കൊച്ചിയിലെ ഉദ്ഘാടനം. പാടിവടം, എളംകുളം, കതൃക്കടവ്, തട്ടായം, കരിപ്പാലം എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളാണ് തുറക്കുക. രണ്ടാം ഘട്ടത്തിൽ 61, 60, 68, 33, 34, 20, 18 എന്നീ ഡിവിഷനുകളിൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ തുറക്കും. തുടർന്ന് മാർച്ച് 31ന് കൂടി 21 കേന്ദ്രങ്ങൾ കൂടി പ്രവർത്തനം ആരംഭിക്കും. ഇന്നലെ മേയർ എം. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്‌റഫ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്, കോർപ്പറേഷൻ സെക്രട്ടറി വി. ചെൽസാസിനി, ഡി.പി.എം ഡോ. രോഹിണി തുടങ്ങിയവർ പങ്കെടുത്തു.


 നാലിടത്ത് സ്ഥലമില്ല
നഗരസഭയിലെ 38 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനാവലോകനം നടത്തി. 1, 38, 56, 35 എന്നിങ്ങനെ നാല് ഡിവിഷനുകളിൽ ഇനിയും സ്ഥലം കണ്ടെത്താനായിട്ടില്ല. സ്ഥലം കണ്ടെത്തുന്ന ഡിവിഷനുകളിൽ വേഗത്തിൽ ഫണ്ട് അനുവദിക്കും.

 44 ലക്ഷം
ഓരോ കേന്ദ്രങ്ങളിലും ഫർണിച്ചറുപ്പെടെ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി 25 ലക്ഷം രൂപയും ശമ്പള ഇനത്തിലായി 12 ലക്ഷം രൂപയും മറ്റു ചെലവുകൾക്കായി 4 ലക്ഷം രൂപയും മരുന്നുകളും ഉപകരണങ്ങളും വാങ്ങുന്നതിനായി 7 ലക്ഷം രൂപയാണ് പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുള്ളത്.

 20 ആശുപത്രി

നഗരസഭാ പരിധിയിൽ നിലവിൽ 12 യു.പി.എച്ച്.സികളാണ് പ്രവർത്തിക്കുന്നത്. ഇവ പോളി ക്ലിനിക്കുകളായി ഉയർത്തും. കരുവേലിപ്പടി, പള്ളുരുത്തി, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, ഇടപ്പള്ളി, ജനറൽ ആശുപത്രിയടക്കം ആറ് ആശുപത്രികളും നഗരത്തിലുണ്ട്. 19 ആശുപത്രികളും കൊച്ചിൻ പോർട്ടിന്റെ ആശുപത്രിയുടെ ഉൾപ്പെടെ 20 ആശുപത്രികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. 38 വെൽനസ് സെന്ററുകൾ കൂടി വരുന്നതോട് കൂടി 74 ഡിവിഷനുകളിൽ 58 ഡിവിഷനുകളിൽ ആരോഗ്യ കേന്ദ്രങ്ങളുടെ സേവനം ലഭ്യമാകും.