chinma
അയോദ്ധ്യ രാമജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠാ സമയത്ത് ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയുടെ എറണാകുളം വാരിയം റോഡിലെ പ്രഞ്ജപ്രതിഷ്ഠാനിൽ ജീവനക്കാരും വിദ്യാർത്ഥികളും പുഷ്പവൃഷ്ടി നടത്തുന്നു

കൊച്ചി: അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠ നാടും നഗരവും ഭക്തിനിർഭരമായി ആഘോഷിച്ചു. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും പ്രതിഷ്ഠാചടങ്ങ് പതിനായിരങ്ങൾ തത്സമയം വീക്ഷിച്ചു. ശംഖുനാദം മുഴക്കിയും പൂക്കൾ വിതറിയും ശ്രീറാം ജയറാം മന്ത്രം മുഴക്കിയും ഭക്തജനങ്ങൾ ആഹ്‌ളാദം പങ്കിട്ടു. വൈകിട്ട് ദീപങ്ങൾ തെളിയിച്ച് വീടുകളും ക്ഷേത്രങ്ങളും ഭക്തിലഹരിയിലാറാടി.

ടി.ഡി സന്നിധിയിൽ ആഹ്ളാദഭേരി

എറണാകുളം തിരുമല ദേവസ്വം സന്നിധിയിൽ തന്ത്രി എസ്. ശ്രീനിവാസ് ഭട്ടിന്റെ നേതൃത്വത്തിൽ രാവിലെ പഞ്ചാബ്‌ജ പുരേശ്വരന് തൈലാഭിക്ഷേകം നടത്തി. താളമേള വാദ്യങ്ങളുടെ അകമ്പടിയോടെ ശ്രീരാമന്റെ ഛായചിത്രവും വഹിച്ച് ക്ഷേത്രനഗരിയ്ക്ക് ചുറ്റും പ്രദക്ഷിണം നടത്തി. ക്ഷേത്രത്തിന്റെ ഗോപുരവീഥികളിൽ എൽ.ഇ.ഡി സ്‌ക്രീനുകൾ സ്ഥാപിച്ച് ഭക്തർക്ക് അയോദ്ധ്യയിലെ ചടങ്ങുകൾ കാണാൻ അവസരം ഒരുക്കി. പ്രാണപ്രതിഷ്ഠാ സമയത്ത് ഭേരികൾ കൊട്ടി ഭക്തർ ആഹ്ളാദം പങ്കിട്ടു. ശാന്തി വിജേഷ് ദേവാനന്ദ് ഭട്ടിന്റെ കാർമ്മികത്വത്തിൽ ആരതിയുഴിഞ്ഞു.

എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ (വേണു), ബി.ജെ.പി. സംസ്ഥാന സമിതി അംഗം സി.ജി. രാജഗോപാൽ എന്നിവർ പങ്കെടുത്തു. ക്ഷേത്രം മാനേജിംഗ് അധികാരിമാരായ ശ്രീകുമാർ ആർ. കമ്മത്ത്, നവീൻ ആർ. കമ്മത്ത്, ഭാരവാഹികളായ രാജാറാം ഗോവിന്ദ് ഷേണായ്, അഡ്വ. രാമനാരായണപ്രഭു, ടി.വി. രാജേഷ് ഷേണായ്, ആനന്ദ് പൈ, വിനോദ് രാമരാജപ്രഭു, രാജേഷ് വി. പ്രഭു, നന്ദലാൽ എന്നിവർ നേതൃത്വം നൽകി.

പോണേക്കാവിൽ പ്രസാദയൂട്ട്

പോണേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ശ്രീരാമചിത്രത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടന്നു. രാമനാമജപവും മധുരപലഹാര വിതരണവും പ്രസാദ ഊട്ടും നടത്തി. എൻ.എസ്.എസ്. വനിതാ സമാജം പ്രസിഡന്റ് വി.എൻ. സരോജിനി, സെക്രട്ടറി കെ.എ. രമാദേവി എന്നിവർ നേതൃത്വം നൽകി.

ചിന്മയ വിശ്വവിദ്യാപീഠത്തിൽ പുഷ്പവൃഷ്ടി

ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും രാഘവോത്സവ് പേരിൽ ചടങ്ങുകൾ സംഘടിപ്പിച്ചു. ഓണക്കൂറിലെ ലളിത വിദ്യാപ്രതിഷ്ഠാനിൽ രാവിലെ ആറിന് ചടങ്ങുകൾ ആരംഭിച്ചു. വിഷ്ണു സഹസ്രനാമാർച്ചന, രാമായണപാരായണം, ഭജന എന്നിവ നടന്നു. പ്രതിഷ്ഠാ സമയത്ത് ശ്രീരാമചിത്രത്തിൽ പുഷ്പവൃഷ്ടിയും ഒരുക്കി.

എറണാകുളം വാരിയം റോഡ് ചിന്മയ പ്രഞ്ജാപ്രതിഷ്ഠാനിലെ ചടങ്ങുകൾ വൈസ് ചാൻസലർ പ്രൊഫ. അജയ് കപൂർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രീരാമന്റെ പട്ടാഭിഷേക ചിത്രവുമായി ഘോഷയാത്ര നടത്തി.

എൻ.സി.കെയുടെ സർവമതപ്രാർത്ഥന

പ്രാണപ്രതിഷ്ടസമയത്ത് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സർവമത പ്രാർത്ഥനാസംഗമം നടത്തി. സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാന വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ഉദ്ഘാടനം നിർവഹിച്ച് മെഴുകുതിരികൾ തെളിയിച്ചു.

സംസ്ഥാന വൈസ് ചെയർമാൻ ജോൺ മാത്യു മുല്ലശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രാർത്ഥനാ സംഗമത്തിൽ എം.എൻ ഗിരി, എൻ.എൻ ഷാജി, സുധീഷ് നായർ, വി.ആർ സുധീർ, ആന്റണി ജോസഫ്, സാജിത അഷറഫ്. കെ എച്ച് ഹീര, രാധികമേനോൻ, കാലെവാണി സോമൻ തുടങ്ങിയവർ പ്രസംഗിച്ചു

ബി.ജെ.പി ഓഫീസിൽ ശ്രീരാമഗാനാർച്ചന

ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീരാമഗാനാർച്ചനയും പ്രസാദ വിതരണവും നടത്തി. ജില്ലാ ഓഫിസിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് കെ. ഈശ്വരപിള്ള ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ഡോ. കെ.എസ്. ഷൈജു, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത്കുമാർ. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രമാദേവി തോട്ടുങ്കൽ, സംസ്ഥാന സമിതി അംഗങ്ങളായ എൻ.പി. ശങ്കരൻകുട്ടി, വി.കെ. സുദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.