കൊച്ചി: അനെർട്ടിന്റെ സഹായത്തോടെ പാരമ്പര്യേതര ഊർജ്ജ ഉത്പാദനത്തിനൊപ്പം താഴെക്കിടയിലുള്ള പാവപ്പെട്ട കുടുംബങ്ങൾക്കുള്ള ഹരിത വരുമാന പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കേരളകൗമുദിയും മൂപ്പൻസ് സോളാർ സിസ്റ്റവും സംയുക്തമായി സംഘടിപ്പിച്ച ഗ്രീൻ എനർജി കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ലൈഫ് മിഷൻ, പട്ടികജാതി വികസനവകുപ്പ്, പുനർഗേഹം പദ്ധതികളിലൂടെ നിർമ്മിച്ചുനൽകിയ വീടുകളിൽ ഗ്രിഡ്ബന്ധിത സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതിയും അധികവരുമാനവും ലഭിക്കും. ഇതിനോടകം 1076 വീടുകളിൽ ഈ പദ്ധതിപ്രകാരം രണ്ട് കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ പ്ലാന്റുകൾ സൗജന്യമായി സ്ഥാപിച്ചു. 81 വീടുകളിൽ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പട്ടികജാതി വികസനവകുപ്പ് നിർമ്മിച്ച് നൽകിയ 305 കുടുംബങ്ങൾക്ക് 3കിലോവാട്ട് വീതം ശേഷിയുള്ള പ്ലാന്റുകളും സ്ഥാപിച്ചുനൽകി. പദ്ധതിയുടെ ഭാഗമായി ഇൻഡക്ഷൻ സ്റ്റൗകൂടി ഗുണഭോക്താക്കൾക്ക് സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ പാചകവാതകച്ചെലവ് ലാഭിക്കാം.
രാജ്യത്തെ പുനരുപയോഗ ഊർജ്ജ ഉത്പാദനം 2030ൽ 150 ഗെഗാവാട്ടിൽ എത്തിക്കുക എന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തിന് ആക്കംകൂട്ടാൻ പ്രധാനമന്ത്രി കിസാൻസുരക്ഷ ഏവം ഉത്ഥാൻ മഹാഭിയാൻ (പി.എം. കുസും) പദ്ധതിയും നടപ്പിലാക്കും.
ഇതിനുപുറമേ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ അനെർട്ടിന്റെ 10 ശതമാനം ധനസഹായത്തോടെ 2 മെഗാവാട്ട് സൗരോർജ്ജ പവർപ്ലാന്റ് സ്ഥാപിക്കുന്നതിനും ലക്ഷ്യമുണ്ട്. തിരുവനന്തപുരം നഗരം സോളാർ സിറ്റി ആയി മാറ്റുന്നതിന്റെ ഭാഗമായി 100 മെഗാവാട്ട് ഗാർഹിക സൗരോർജ്ജ പവർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും ലക്ഷ്യമുണ്ട്. സംസ്ഥാനത്തെ 10 വിദൂര ആദിവാസി കോളനികൾ വൈദ്യുതീകരിക്കുന്നതിന് വിൻഡ്, സോളാർ ഹൈബ്രിഡ് പവർപ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.