കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന്റെ സുരക്ഷ ശക്തമാക്കുന്നു. തുടർച്ചയായുള്ള വിദ്യാർത്ഥി സംഘട്ടനങ്ങളുടെയും രാത്രിയിൽ വിദ്യാർത്ഥികൾ കോളേജിൽ പ്രവേശിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് പി.ടി.എ ജനറൽ ബോഡി തീരുമാനം. അഞ്ച് സെക്യൂരിറ്റി ഗാർഡുകളെ അനുവദിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിച്ചിട്ട കോളേജ് എത്രയും വേഗം തുറക്കാനും തീരുമാനിച്ചു.
ഇന്നലെ പ്രിൻസിപ്പൽ വി.എസ്. ജോയിയുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഇന്ന് രാവിലെ 11ന് വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ യോഗം ചേരും. ഇന്നലെയെടുത്ത തീരുമാനങ്ങൾ ചർച്ച ചെയ്യും. ശേഷം അന്തിമതീരുമാനം കൈക്കൊള്ളും. രാജ്യത്തിന് മഹാരാജാസ് നൽകിയ സംഭാവനകൾ യോഗത്തിൽ യോഗത്തിൽ ചർച്ചയായി. കോളേജിന്റെ പ്രൗഢിയും പ്രതാപവും വീണ്ടെടുക്കാനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ചില നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നാണ് തീരുമാനച്ചത്. പി.ടി.എ പ്രസിഡന്റ് സെക്രട്ടറി എം.എസ്. മുരളി, ഗവേണിംഗ് ബോഡി ചെയർമാൻ ഡോ. എൻ രമാകാന്തൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
നിർദ്ദേശങ്ങൾ
. വൈകിട്ട് ആറിന് ശേഷം ആരെയും ക്യാമ്പസിൽ തുടരാൻ അനുവദിക്കില്ല
. തുടരണമെങ്കിൽ പ്രിൻസിപ്പലിന്റെ പ്രത്യേക അനുമതി തേടണം
. വിദ്യാർത്ഥികൾക്ക് ഐ.ഡി കാർഡ് നിർബന്ധമാക്കും
. അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിൽ കർശന ശിക്ഷാനടപടി
. പി.ടി.എ യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ നടത്തും
. അദ്ധ്യാപരുടെയും രക്ഷിതാക്കളെയും വർക്കിംഗ് ഗ്രൂപ്പ്
. വർക്കിംഗ് ഗ്രൂപ്പ് കോളേജിൽ സ്‌ക്വാഡ് പ്രവർത്തനം നടത്തും
. സുരക്ഷ സംവിധാനം കൊണ്ടുവരും
. കോളേജ് ഡവലപ്‌മെന്റ് കൗൺസിലിൽ സുരക്ഷാവിഷയം ചർച്ച ചെയ്യും