തൃപ്പൂണിത്തുറ: ഇരുമ്പനം പുതിയ റോഡിലെ വാലി ഹൈറ്റ് അപ്പാർട്ട്മെന്റിൽ ഞായറാഴ്ച രാവിലെ തോക്കുചൂണ്ടി താമസക്കാരനെ ഭയപ്പെടുത്തിയ നാൽവർസംഘം കേരളം വിട്ടതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. രാവിലെ പത്തോടെ കാറിൽ ഫ്ലാറ്റിലെത്തിയ സംഘം താമസക്കാരനായ മരട് സ്വദേശി രാമകൃഷ്ണനെക്കുറിച്ച് അന്വേഷിക്കുകയും സെക്യൂരിറ്റിക്കാരൻ അദ്ദേഹത്തെ താഴേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. തുടർന്ന് ഇവർ തമ്മിലുള്ള വാക്കുതർക്കത്തിനൊടുവിൽ കാറിൽക്കയറിപ്പോകാൻ ശ്രമിച്ച സംഘത്തിന്റെ കാറിന്റെ കീ രാമകൃഷ്ണൻ ഊരിയെടുത്തു. തുടർന്ന് സംഘം രാമകൃഷ്ണനുനേരെ തോക്കുചൂണ്ടി കീ തിരികെവാങ്ങി കാറിൽ കടന്നുകളയുകയായിരുന്നു.

രാമകൃഷ്ണൻ നൽകിയ പരാതിയിൽ ഹിൽപാലസ് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘം സഞ്ചരിച്ച കാറിന്റെ നമ്പർ വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. ഇവർ അന്തർസംസ്ഥാന പിടിച്ചുപറി സംഘമാണെന്നും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള നിരവധി പിടിച്ചുപറിയും മോഷണവും നടത്തിയിട്ടുള്ള സംഘത്തിൽപ്പെട്ടവരാണെന്നും ചാലക്കുടി മലക്കപ്പാറവഴി ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായും അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. അന്വേഷണം ഊർജ്ജിതമാക്കിയതായി ഹിൽപാലസ് എസ്.ഐ പ്രദീപ്‌കുമാർ പറഞ്ഞു.