കൊച്ചി: കേരളകൗമുദി മൂപ്പൻസ് സോളാറിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഗ്രീൻ എനർജി കോൺക്ലേവിൽ ഉയർന്നത് ഭാവി മുന്നിൽക്കണ്ടുള്ള നിർദ്ദേശങ്ങൾ. സോളാറിന്റെ അനന്തസാദ്ധ്യതകളും ഘടനയും ഉപയോഗവും ഉപകാരവും ചർച്ചയായി. എം. സാംബശിവൻ (റിന്യൂവബിൾ എനർജി വിദഗ്ദ്ധൻ), നീരജ് നായർ (ഡയറക്ടർ ഓപ്പറേഷൻസ്, മൂപ്പൻസ് സോളാർ), റോയി ക്രിസ്റ്റി (എം.ഡി, റെനർജി സിസ്റ്റംസ്), അഡ്വ.ഡി.ജി. സുരേഷ്
(സെക്രട്ടറി, എഡ്രാക്), എൻ. മുഹമ്മദ് ഷെഫീക് (ക്രീപ, സെക്രട്ടറി) എന്നിവരായിരുന്നു ചർച്ചയിലെ പാനലിസ്റ്റുകൾ. കൗമുദി ടി.വി ന്യൂസ് ഹെഡ് ലിയോ രാധാകൃഷ്ണൻ മോഡറേറ്ററായി.

എം. സാംബശിവൻ

ഹരിത ഊർജത്തിന്റെ സാദ്ധ്യതകൾ ഏറെ വലുതാണ്. വൈദ്യുതി ചാർജ് കുറയ്ക്കാൻ സാധിക്കും. ദുരന്തങ്ങൾ ഒഴിവാക്കാം. കെ.എസ്.ഇ.ബി വഴിയാണ് വിവിധ കാര്യങ്ങൾ ചെയ്യുന്നതെന്നതിനാൽ സബ്‌സിഡി ലഭ്യമാക്കുന്നതിനുള്ള മാർഗങ്ങൾ ലഘൂകരിക്കണമെന്നും സാംബശിവൻ പറഞ്ഞു. സോളാർ പാനൽ സ്ഥാപിക്കുന്നതിനുള്ള സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കണം.


നീരജ് നായർ
പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഒന്ന് സോളാർ വച്ചാലും വൈദ്യുതി നിയന്ത്രിച്ച് ഉപയോഗിക്കണം. ഊർജത്തിന്റെ അമിത ഉപയോഗത്തിനുള്ള ലൈസൻസ് അല്ല വൈദ്യുതി. നമുക്ക് ആവശ്യമായ വൈദ്യുതി എത്രയാണെന്ന് കണക്ക് കൂട്ടി മാത്രം സോളാർ സ്ഥാപിക്കുക. സർക്കാർ സജ്ജമാക്കിയി ഇ-കിരൺ സംവിധാനം ഉപയോഗിക്കാൻ ശ്രമിക്കണം. പാനലുകളുടെ വില കുറഞ്ഞിട്ടുണ്ട്. സബ്‌സിഡി കൂട്ടിയിട്ടുണ്ട്. സോളാർ പാനലുകളിലേക്ക് മാറി ചിന്തിക്കാൻ പറ്റിയ സമയമാണ് ഇപ്പോൾ. സോളാർ പാനലിന്റെ ശേഷി അനുസരിച്ച് വില നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. അത് എങ്ങനെ സ്ഥാപിക്കുന്നു എന്നതിലാണ് വില നിശ്ചയിക്കപ്പെടുന്നത്.


റോയി ക്രിസ്റ്റി

സോളാർ സ്ഥാപിക്കുമ്പോൾ വാറണ്ടി മാത്രം ലക്ഷ്യമിട്ടാൽ പോരാ. സ്ഥാപനം, കമ്പനിയുടെ പ്രവർത്തിപരിചയം, എത്രവർഷമായി വിപണിയിലുണ്ട്, എത്ര സ്ഥാപിച്ചിട്ടുണ്ട് എന്നിവയും മനസിലാക്കിവേണം പാനൽ സ്ഥാപിക്കുന്നതിലേക്ക് കടക്കാൻ. 6000 രൂപ വൈദ്യുതി ബില്ല് വരുന്നയാൾക്ക് 3കിലോവാട്ടിന്റെ പ്ലാന്റ് സ്ഥാപിച്ചാൽ പൂജ്യത്തിലേക്ക് എത്തിക്കാനാകും.

അഡ്വ.ഡി.ജി. സുരേഷ്
പഴയത് പോലെയല്ല, ജനങ്ങളുടെ ആവശ്യങ്ങൾ അനുദിനം വർദ്ധിക്കുന്നുണ്ട്. ഉപഭോഗവും വർദ്ധിക്കുകയാണ്. സോളാർ പ്ലാന്റ് ഇനിയുള്ള കാലം തീർച്ചയായും ആവശ്യമായി വരും. ആളുകൾക്ക് വിവിധ സംശയങ്ങളുണ്ട്. അത് ദുരീകരിക്കേണ്ടതുണ്ട്. സോളാർ ഉൾപ്പെടെ കാര്യങ്ങൾ പ്രചരിപ്പിക്കാൻ വൈദ്യുതി ബോർഡിൽ തന്നെ ഉദ്യോഗസ്ഥരുണ്ടാകണം. എല്ലാ ഓഫീസിലും ഉദ്യോഗസ്ഥനുണ്ടാകണം.