
കൊച്ചി: തോട്ടം മേഖലയുടെ സമഗ്ര നവീകരണത്തിലൂടെ സാമൂഹ്യ ഉന്നമനം ലക്ഷ്യമിട്ട് വൻ പദ്ധതി നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. പ്ലാന്റേഷൻ ഡയറക്ട്രേറ്റ് കൊച്ചിയിൽ സംഘടിപ്പിച്ച രണ്ടാമത് പ്രദർശനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യവത്കരണം, മൂല്യവർദ്ധന, തരിശ് ഭൂമിയിൽ കൃഷി തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നൽകി മികച്ച വളർച്ച നേടാൻ കേരളം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ചുവരുണ്ടെങ്കിൽ മാത്രമേ ചിത്രമെഴുതാൻ സാധിക്കൂവെന്ന് തൊഴിലാളികളും തോട്ടമുടമകളും മനസിലാക്കണം
വൻകിട തോട്ടങ്ങളുടെ സ്റ്റാളിനുള്ള മികച്ച പുരസ്‌ക്കാരം കോട്ടനാട് പ്ലാന്റേഷൻ കരസ്ഥമാക്കി. ചെറുകിട തോട്ടങ്ങൾക്കുള്ള സ്റ്റാളിന്റെ പുരസ്‌ക്കാരം ജെയിൻ ഫുഡ്‌സിനാണ്. ഇലക്ട്രോലൈറ്റ് മികച്ച സേവനദാതാക്കൾക്കുള്ള വിഭാഗത്തിൽ പുരസ്‌ക്കാരം നേടി. സുനൈദ് സിസ്റ്റംസ് ഈ മേഖലയിലെ മികച്ച സ്റ്റാർട്ടപ്പിനുള്ള സ്റ്റാളിന്റെ പുരസ്‌ക്കാരം നേടി. മാർത്ത ഫുഡ്‌സാണ് മികച്ച മൂല്യവർദ്ധിത ഉത്പന്ന സ്റ്റാൾ. മികച്ച സർക്കാർ സ്ഥാപന സ്റ്റാളിനുള്ള പുരസ്‌ക്കാരം പ്ലാന്റേഷൻ കോർപറേഷൻ ഒഫ് കേരള കരസ്ഥമാക്കി.
പ്ലാന്റേഷൻ ഡയറക്‌ട്രേറ്റ് അഡഷണൽ. ഡയറക്ടർ കെ.എസ് കൃപകുമാർ, എ.പി.കെ ചെയർമാൻ പ്രിൻസ് തോമസ് ജോർജ്, ചെറുകിട തോട്ടം മേഖല പ്രസിഡന്റ് അബു എബ്രഹാം തോമസ് തുടങ്ങിയവർ സംസാരിച്ചു.