കൊച്ചി: ആത്മഹത്രയ്ക്ക് ശ്രമിച്ച യുവാവിനെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് പൊലീസ്. ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് നസീറാണ് ഇടയക്കുന്നം സ്വദേശിയുടെ രക്ഷകനായത്. വൈകിട്ട് മുഹമ്മദ് നസീറിന്റെ ഫോണിലേക്ക് സുഹൃത്ത് കൈമാറിയ സന്ദേശത്തിൽ നിന്നാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി അറിഞ്ഞത്. സൈബർസെല്ലുമായി ബന്ധപ്പെട്ട് യുവാവിന്റെ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഒഫ് ആയിരുന്നതിനാൽ ആ നീക്കം പാളി. ഇയാളുടെ വിലാസം കണ്ടെത്തി ചേരാനല്ലൂർ പൊലീസ് യുവാവിന്റെ വീട്ടിലെത്തി. ഇരുനില വീട്ടിൽ താഴത്തെ നിലയിലെ വാതിൽ തുറന്നുകിടക്കുന്നതുകണ്ട് പൊലീസ് മുറിയിൽ പ്രവേശിച്ചെങ്കിലും ആരെയും കണ്ടില്ല. മുകളിൽ നിലയിലെത്തിയപ്പോൾ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. പിന്നീട് മുറികളിലെല്ലാം പരിശോധന നടത്തിയപ്പോഴാണ് അമിതമായി ഗുളികകഴിച്ച് തറയിൽ കിടക്കുന്ന നിലയിൽ യുവാവിനെ കണ്ടെത്തിയത്. ഉടനെ നാട്ടുകാരുടെ സഹായത്തോടെ മുകൾനിലയിൽ നിന്ന് താഴെയിറക്കി പൊലീസ് ജീപ്പിൽ സ്വകാര്യആശുപത്രിയിൽ എത്തിച്ചു. ഭാര്യയെ ഫോണിൽ ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചു. മാതാപിതാക്കളുമായുള്ള ചില പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. അപകടനില തരണംചെയ്ത യുവാവിനെ കൗൺസലിംഗിന് വിധേയനാക്കും.