ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതരമായ വിമർശനങ്ങൾ
കൊച്ചി: പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കിയില്ല, പൂർത്തിയായ പദ്ധതികൾ ജനങ്ങൾക്കായി തുറന്നു കൊടുത്തില്ല, ഫണ്ടുകൾ വകയിരുത്തിയിട്ട് ചെലവാക്കിയില്ല തുടങ്ങി കൊച്ചി കോർപ്പറേഷന്റെ 2022-23 വർഷത്തെ പദ്ധതി നിർവഹണത്തിൽ പലതും അടിമുടി പാളിയെന്ന് ഓഡിറ്റ് റിപ്പോർട്ട്. മാലിന്യ നിർമ്മാർജനത്തിൽ ആവിഷ്കരിച്ച 198 പദ്ധതികൾ നടപ്പായതേയില്ല. ബ്രഹ്മപുരം മാലിന്യ പ്ളാന്റിന്റെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകളെന്നും റിപ്പോർട്ടിലുണ്ട്.
നിർമ്മാണം പൂർത്തിയാക്കിയ ടോയ്‌ലെറ്റ് സമുച്ചയങ്ങൾ തുറന്നുകൊടുത്തില്ല തുടങ്ങി വീഴ്ചകളുടെ ദീർഘമായ പട്ടികയാണ് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ടിലുള്ളത്. 177 കോടിയുടെ മരാമത്ത് പണികൾ ആവിഷ്കരിച്ചെങ്കിലും ചെലവഴിച്ച് 28 ശതമാനമായ 50.1 കോടി മാത്രമാണ്.
കോട്ടങ്ങൾ നിരവധി
• സമീപ തദ്ദേശ സ്ഥാപനങ്ങളിൽ ഉൾപ്പെടെ മാലിന്യ പരിപാലന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും മാലിന്യ നിർമ്മാർജ്ജനഉപകരണങ്ങൾ വാങ്ങുന്നതിനുമായി അഡീഷണൽ സെക്രട്ടറി നിർവ്വഹണോദ്യോഗസ്ഥനായി ആവിഷ്കരിച്ച 198 പദ്ധതികൾ നടപ്പിലായില്ല.
• ബ്രഹ്മപുരം പ്ളാന്റിനായി പ്രഖ്യാപിച്ച് മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കിയിട്ടില്ല.
• ടേക് എ ബ്രേക്ക് പദ്ധതി പ്രകാരം കലൂർ ബസ് സ്റ്റാൻഡ് വൈറ്റില സോണൽ ഓഫീസ് എന്നിവിടങ്ങളിൽ നിർമ്മിച്ച ടോയ്‌ലെറ്റ് ബ്ളോക്കുകൾ തുറന്നില്ല.
• 25 ലക്ഷം രൂപയുടെ കോഴി വളർത്തൽ, ആടു വിതരണം പദ്ധതികളിൽ വകയിരുത്തിയതിൽ ചെലവ് 15 ശതമാനം മാത്രം.
• ആസ്തി രജിസ്റ്റർ പുതുക്കുന്നില്ല, കോർപ്പറേഷന്റെ ആസ്തിക്ക് കൈയും കണക്കുമില്ല, ഡെപ്പോസിറ്റ്, ലോൺ, ഇൻവെസ്റ്റ്മെന്റ് രജിസ്റ്ററുകളില്ല. വസ്തുനികുതി കുടിശിക രജിസ്റ്റർ ഇല്ല.
• 20-21, 21-22 വർഷങ്ങളിൽ വിനിയോഗിക്കാത്ത കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ് 22-23ലേക്ക് പുനരനുവദിച്ചെങ്കിലും ഉപയോഗിക്കാതെ നഷ്ടപ്പെടുത്തി.
• തെരുവുകച്ചവടക്കാരുടെ ലൈസൻസ് ഫീയുടെ കണക്കില്ല.
• അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് നിശ്ചയിച്ച 24.85 കോടിയുടെ പണികളിൽ നടപ്പാക്കിയത് 1.47 കോടി മാത്രം.
നടപ്പാകാതെ പോയ പദ്ധതികൾ
• 80 ലക്ഷം : അഞ്ച് വനിതാ സ്വയംതൊഴിൽ പദ്ധതികൾ
• 40 ലക്ഷം : പട്ടികവർഗവിഭാഗ സ്വയം സംരംഭങ്ങൾ
• 97 ലക്ഷം : സമൃദ്ധി കൊച്ചി വ്യവസായ യൂണിറ്റ്
• 30 ലക്ഷം : സമൃദ്ധി കൊച്ചി ചപ്പാത്തി നിർമ്മാണ യൂണിറ്റ്
• 3.75 ലക്ഷം: പട്ടികവർഗ വിദേശതൊഴിൽ, പഠനം
• 22 ലക്ഷം : സ്കൂളിലെ ഓട്ടിസം സെന്റർ, സ്പെഷ്യൽ കെയർ സെന്റർ ഉപകരണങ്ങൾ