കൂത്താട്ടുകുളം: കാക്കൂർ സർവീസ് സഹകരണ ബാങ്ക് ഒലിയപ്പുറം കുഴിക്കാട്ടുകുന്നിൽ ആരംഭിക്കുന്ന നവീകരിച്ച കാസ്കോ 163 പച്ച വെളിച്ചെണ്ണ പ്ലാന്റിന്റെയും പഴം പച്ചക്കറി സംസ്കരണ യൂണിറ്റിന്റെ ഉദ്ഘാടനം 26ന് പകൽ മൂന്നിന് മന്ത്രി വി എൻ വാസവൻ നിർവഹിക്കുമെന്ന് ബാങ്ക് ഭരണസമിതി വാർത്താ സമ്മേളനത്തിലറിയിച്ചു.
ഒലിയപ്പുറം കുഴിക്കാട്ടുകുന്നിൽ 82 സെൻ്റ് സ്ഥലത്ത് ഏഴായിരം സ്ക്വയർ ഫീറ്റിലാണ് വിവിധ പ്ലാൻ്റുകളുള്ള യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്.
അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ ഉൾപ്പെടുത്തി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കേരള ബാങ്കാണ് പദ്ധതിക്ക് തുക അനുവദിച്ചത്.
പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും
വാർഡ് അടിസ്ഥാനത്തിൽ കർഷക കൂട്ടായ്മകൾ, കുടുംബശ്രീ സംവിധാനങ്ങൾ വഴി കമ്പനിക്കു വേണ്ട ഉത്പന്നങ്ങൾ സമാഹരിക്കും. കാർഷിക മേഖലയിലൂടെ സർക്കാരിന്റെ നവകേരള സൃഷ്ടിക്ക് ഊർജ്ജം പകരാൻ സാധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു .
ബാങ്ക് പ്രസിഡൻ്റ് അനിൽ ചെറിയാൻ അധ്യക്ഷനാകും.
പച്ച വെളിച്ചെണ്ണ പ്ലാന്റിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എയും പഴം പച്ചക്കറി സംസ്കരണ യൂണിറ്റിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പിയും ഓഫീസ് ഉദ്ഘാടനം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ഹോർട്ടി കൾച്ചർ മിഷൻ ചെക്ക് വിതരണം മുൻ എം.എൽ.എ എം.ജെ. ജേക്കബും ആദ്യ വില്പന പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശും പ്രോഡക്റ്റ് ലോഞ്ച് മീറ്റ് പ്രൊഡക്ട് ഒഫ് ഇന്ത്യ ചെയർമാൻ ഇ കെ ശിവനും നിർവഹിക്കും.
വാർത്ത സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, വൈസ് പ്രസിഡന്റ് സിനു എം. ജോർജ്, സെക്രട്ടറി ഇൻ ചാർജ് പ്രദീപ് കൃഷ്ണൻ, ഭരണ സമിതി അംഗം ബിനോയ് അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.